KOYILANDY DIARY

The Perfect News Portal

നേപ്പാളില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍

കാട്മണ്ഡു: നേപ്പാളില്‍ മുന്നണി ബന്ധങ്ങളിലെ അനിശ്ചിതത്വത്തിന് ഒടുവില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍. ഏറ്റവും വലിയ ഒറ്റ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് കമ്മ്യൂണിസ്റ്റ് കക്ഷികളെ കൂടെ ചേര്‍ത്ത് പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ അധികാര തുടര്‍ച്ച ഉറപ്പാക്കി.  
ഇതോടെ മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി പി. ശര്‍മ ഒലിയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്  ഭരണ പക്ഷത്ത് എത്തി.

ഇത് മൂന്നാം തവണയാണ് സി.പി.എന്‍.യു.എം.എല്ലുമായി ചേര്‍ന്ന് പ്രചണ്ഡ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. സഖ്യകക്ഷി നേതാക്കള്‍ തിങ്കളാഴ്ച ഒപ്പുവച്ച കരാര്‍ പ്രകാരം ഓരോ പാര്‍ട്ടിക്കുമായി ഒരു ഉപപ്രധാനമന്ത്രി കൂടി മന്ത്രിസഭയില്‍ ഉണ്ടാകും. പ്രചണ്ഡയില്‍ നിന്നും ഈ വിശ്വാസവഞ്ചന പ്രതീക്ഷിച്ചിരുന്നില്ലെന്ന് നേപ്പാളി കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷേര്‍ ബഹാദൂര്‍ ദേബ പറഞ്ഞു.

 

ഒറ്റകക്ഷി നേപ്പാളി കോണ്‍ഗ്രസ്

Advertisements

275 അംഗ സഭയില്‍ 89 അംഗങ്ങളുടെ ബലമുള്ള നേപ്പാളി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മൂന്നാമത്തെ വലിയ കക്ഷിയാണ് പ്രധാനമന്ത്രി ദഹല്‍ പ്രചണ്ഡയുടെ മാവോയിസ്റ്റ് കേന്ദ്രം. 78 സീറ്റുകളുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് (സി.പി.എന്‍.യു.എം.എല്‍) രണ്ടാമതാണ്. 21 അംഗങ്ങളുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആര്‍.എസ്.പി) നാലാമതാണ്.

 

നേപ്പാളി കോണ്‍ഗ്രസുമായി ഒരു വര്‍ഷമായി തുടരുന്ന സഖ്യമാണ് മുന്‍ ഗറില്ല നേതാവ് പ്രചണ്ഡ കൈവിട്ടത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കൃഷ്ണ സിതൗളയെ ദേശീയ അസംബ്ലി ചെയര്‍മാനാക്കണമെന്ന് നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ദ്യൂബ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇരു പാര്‍ട്ടികളും തമ്മിലുള്ള അകലം വര്‍ധിച്ചു. 

25 വകുപ്പുകള്‍ പ്രധാനമന്ത്രി നേരിട്ട് കയ്യാളും

നേപ്പാളി കോണ്‍ഗ്രസ് പ്രധാനമന്ത്രിയുമായി സഹകരിക്കാത്തതിനാലാണ് പുതിയ സഖ്യ രൂപീകരണത്തിന് പാര്‍ട്ടി നിര്‍ബന്ധിതരായതെന്ന് സി.പി.എന്‍- മാവോയിസ്റ്റ് സെക്രട്ടറി ഗണേഷ് ഷാ പറഞ്ഞു. സഖ്യ രൂപീകരണത്തിന് ശേഷം പുതുതായി മൂന്ന് മന്ത്രിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിയുടെ ഓഫീസായ ശീതള്‍ നിവാസിലായിരുന്നു സത്യപ്രതിജ്ഞ.

ഇപ്പോഴും ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ധനകാര്യം തുടങ്ങിയ 25 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് പ്രധാനമന്ത്രി തരിച്ച് തന്നെയാണ്.

ഒന്നിച്ചത് കഴിഞ്ഞ വര്‍ഷം തെറ്റി പിരിഞ്ഞവര്‍

നേപ്പാളിലെ ഈ രണ്ട് ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് മുമ്പ് ചൈന പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ത്യയും യു.എസും സഖ്യത്തെ എതിര്‍ത്തിരുന്നു.

സി.പി.എന്‍.യു.എം.എല്ലുമായി ചേര്‍ന്ന് വിശാല ഇടത് സഖ്യമുണ്ടാക്കിയെങ്കിലും ഒലിയുമായി മുമ്പുണ്ടായിരുന്ന പ്രശ്നങ്ങളെ കുറിച്ച് പ്രചണ്ഡ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രചണ്ഡയുടെ സര്‍ക്കാരിനുള്ള പിന്തുണ ഒലി പിന്‍വലിച്ചിരുന്നു.