KOYILANDY DIARY

The Perfect News Portal

മണിപ്പുരിൽ വീണ്ടും സംഘർഷം: കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ട് അക്രമികൾ

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ട് അക്രമികൾ. കഴിഞ്ഞ രാത്രി 11ഓടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിലുള്ള മന്ത്രിയുടെ വീട്ടിലേക്ക് കൂട്ടമായെത്തിയ ജനങ്ങൾ വീടിന് തീയിടുകയായിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. മന്ത്രിയുടെ വീട്ടിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാനാവുന്നതിനും അധികമായിരുന്നു ജനക്കൂട്ടം എന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വനിതാ മന്ത്രി നെംച കിപ്‌ചെന്നിന്റെ ഔദ്യോഗിക വസതിക്കും അക്രമികൾ തീയിട്ടിരുന്നു. സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെയിലും മണിപ്പുരിൽ സംഘർഷം രൂക്ഷമാവുകയാണ്. കിഴക്കൻ ഇംഫാലിലെ ഖമൻലോക്‌ മേഖലയിൽ കുക്കികളുടെ ഗ്രാമത്തിനുനേരെ ഉണ്ടായ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു. 10 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു.

Advertisements

ഇംഫാലിലെ ന്യൂ ചെക്കൊൺ മേഖലയിലും സംഘർഷം നിലനിൽക്കുകയാണ്. മണിപ്പുരിലെ 11 ജില്ലയിലും കർഫ്യൂ തുടരുന്നുണ്ട്. ഇന്റർനെറ്റ്‌ വിലക്കും നിലനിൽക്കുകയാണ്‌. മൊബൈൽ നെറ്റും ബ്രോഡ്‌ബാൻഡും ലഭ്യമല്ല. മെയ്‌ മൂന്നിന്‌ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ നൂറിലേറെ പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.

Advertisements