ഓണാഘോഷത്തിനിടെ സംഘർഷം: പ്ലസ് വൺ വിദ്യാർത്ഥികളെ മർദിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ
.
കോഴിക്കോട്: താമരശ്ശേരിയിൽ പൊതുവിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾ തമ്മിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് ജൂനിയർ വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ 5 പേരിൽ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. പതിവ് തെറ്റിച്ച് ഒരേ ഡ്രസ്കോഡിൽ വന്ന ജൂനിയർ വിദ്യാർത്ഥികൾ, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹികമാധ്യമങ്ങളിൽ ഇടാൻ ഗ്രൂപ്പ് ഫോട്ടോ എടുക്കേണ്ടെന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് സ്കൂൾ അധികൃതർ പറയുന്നു.

അധ്യാപകരും മറ്റും ഏറെ പണിപ്പെട്ടാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഘർഷം തുടങ്ങിയത്. സാധാരണയായി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾ മാത്രമാണ് ഒരേ വേഷം ധരിച്ച് ഓണാഘോഷത്തിനെത്താറുള്ളത്. എന്നാൽ, ഇത്തവണ പ്ലസ് വൺ വിദ്യാർത്ഥികളും ഒരേ നിറത്തിലും മാതൃകയിലുമുള്ള വേഷം തിരഞ്ഞെടുക്കുകയായിരുന്നു. ഇതായിരുന്നു പ്രകോപനം. പരിക്കേറ്റവരെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.




