KOYILANDY DIARY

The Perfect News Portal

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ

കൊച്ചി: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മത വിഭജനത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വം സംബന്ധിച്ച ഭരണഘടനാ നിബന്ധനകളും 1955 ലെ പൗരത്വ നിയമവും മതത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനപരമായി പൗരത്വത്തെ കണ്ടിരുന്നില്ല. ഒരു മതേതര രാഷ്ട്രത്തിൽ മത വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ പൗരത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

രാജ്യത്ത് മതത്തിൻ്റെ പേരിൽ ഭിന്നിപ്പ് സൃഷ്ടിച്ച് ജനങ്ങളുടെയും രാജ്യത്തിൻ്റെ തന്നെയും ഐക്യം തകർക്കാനുള്ള നീക്കങ്ങളാണ്  സംഘപരിവാറിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. കേന്ദ്ര സർക്കാരും ഈ നീക്കത്തിൻ്റെ ഭാഗമായി മാറുകയാണ്. അതിൻ്റെ ഭാഗമാണ് പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി പുറത്തു വന്ന പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം.  

 

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നതിനുള്ള വ്യവസ്ഥയാണ് 2019ൽ പൗരത്വ നിയമ ഭേദഗതിയുടെ ഭാഗമായി മോദി സർക്കാർ കൊണ്ട് വന്നത്. മതാടിസ്‌ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവചിക്കുവാനുള്ള ചുവട് മാറ്റമായിരുന്നു ഇത്. കോവിഡ് കാലമായിട്ട് പോലും കടുത്ത പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമാണ് മതനിരപേക്ഷ നിലപാട് ഉള്ള ഭൂരിപക്ഷം ജനങ്ങളും അന്ന് ഉയർത്തിയത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് അന്ന് നിർത്തി വെക്കാൻ നിർബന്ധിതമായ നിയമമാണ് പുതിയ വിജ്ഞാപനത്തിലൂടെ 2024 ൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

Advertisements

 

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരളം പോലുള്ള സംസ്ഥാനങ്ങൾ നല്ല ചെറുത്തു നിൽപ്പാണ് നടത്തിയത്. അതിനെതിരായി പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളമാണ്. സംസ്‌ഥാനത്ത് ഈ മനുഷ്യത്വ വിരുദ്ധമായ കരിനിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുതിയ നിയമപ്രകാരം വിവേചനപരമായി പൗരത്വത്തിന് അവകാശമില്ലാതാവുന്ന മുസ്ലിങ്ങളെ രണ്ടാം തരം പൗരൻമാരായി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഈ വർഗ്ഗീയ വിഭജനനിയമത്തെ കേരളം ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിക്കണം- ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.

 

നിയമത്തിനെതിരായ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് യൂണിയൻ സംസ്ഥാന കമ്മറ്റി അഭ്യർത്ഥിച്ചു. കോർട്ട് സെൻ്ററുകൾ കേന്ദ്രീകരിച്ചും ജില്ലാ തലങ്ങളിലും മറ്റ് ക്യാമ്പയിൻ പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നതാണെന്നും ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ പറഞ്ഞു.