KOYILANDY DIARY

The Perfect News Portal

കേരളത്തെ സഹായിക്കാൻ 31നകം പ്രത്യേക പദ്ധതി രൂപീകരിക്കണം: സുപ്രീംകോടതി; 5000 കോടി നൽകാമെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിൻ്റെ സാഹചര്യങ്ങൾ പ്രത്യേകമായി കാണണം സുപ്രീം കോടതി. ഈ മാസം 31നുള്ളിൽ കേരളത്തെ സഹായിക്കാൻ പ്രത്യേക പദ്ധതി  പരിഗണിക്കണമെന്നും സുപ്രീം കോടതി. ഈ വർഷമെടുക്കുന്ന കടം അടുത്ത സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ തട്ടിക്കിഴിക്കുന്ന രീതിയിലുള്ള വ്യവസ്ഥകൾ ഉണ്ടാക്കാം. വിദഗ്ധരുമായി ആലോചിച്ച് ചെയ്യാൻ പറ്റുന്ന കാര്യം കോടതിയെ അറിയിക്കണമെന്നും നാളെ മറുപടി നൽകണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചു.

വായ്പാ പരിധി ഉയർത്തണമെന്നാവശ്യപ്പെട്ട്  കേരളം നൽകിയ ഹർജിയിലാണ്  കേന്ദ്രത്തിന്റെ നിർദേശം. ഏപ്രിൽ ഒന്നിന് 5000 കോടി അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചു. ഇത് കേരളത്തിന് അർഹതപ്പെട്ട തുക മാത്രമാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ കബിൽ സിബൽ ചൂണ്ടിക്കാട്ടി. എന്നാലും അത് നല്ല സൂചനയായിരിക്കും എന്ന് കോടതി പ്രതികരിച്ചു. അതേസമയം കേരളത്തിന് സമാനമായ രീതിയിൽ സാമ്പത്തിക പ്രതിസന്ധിയിലായ 9 സംസ്ഥാനങ്ങൾ 14 വട്ടം പ്രത്യേക സഹായത്തിനായി അപേക്ഷ നൽകിയിട്ടും അത് നിഷേധിച്ചതായി കേന്ദ്ര സർക്കാർ കോടതിയിൽ വെളിപ്പെടുത്തി.

Advertisements

എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ എന്താണ് തെറ്റെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. കേരളത്തിൻ്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒറ്റത്തവണ സഹായ പാക്കേജ് നൽകി കൂടേയെന്നും സുപ്രീം കോടതി ചോദിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്തുന്ന ഉപാധികളേക്കാൾ കർശന ഉപാധികൾ വേണമെങ്കിൽ ഏർപ്പെടുത്താം. പക്ഷേ, അവരുടെ കാര്യത്തിൽ കുറച്ച് കൂടി വിശാല മനസ്കത കാണിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഞങ്ങൾ ഈ കാര്യത്തിൽ വിദഗ്ധരല്ല. പക്ഷേ, നിങ്ങൾക്ക് വിദഗ്ധരുമായി കൂടി ആലോചിച്ച് എന്തെങ്കിലും ചെയ്തു കൊടുക്കാൻ കഴിയും. അടുത്ത വർഷം അതിന് അനുസൃതമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താമല്ലോയെന്ന് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പറഞ്ഞു.

Advertisements

സുപ്രീം കോടതി നിർദേശത്തെ തുടർന്ന് കേരളത്തിൻ്റെ കാര്യത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും. കടമെടുപ്പിന് മേലുള്ള നിയന്ത്രണം നീക്കണമെന്നും ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരളം കേന്ദ്രത്തിനെതിരെ കേസ് നൽകിയിരുന്നത്. കേസ് പിൻവലിക്കാതെ അർഹമായ സഹായം പോലും നൽകില്ലെന്ന നിലപാടെടുത്ത കേന്ദ്രത്തിന് അതിൽനിന്ന് പിറകോട്ട് പോകേണ്ടിവന്നു. 13, 608 കോടി രൂപ കോടതി നിർദേശത്തെ തുടർന്ന് അനുവദിക്കേണ്ടിവന്നിരുന്നു.