പികെ ശങ്കരൻ സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

.
കൊയിലാണ്ടി സിപിഐ(എം) നടേരി ലോക്കൽ കമ്മിറ്റി ഓഫീസിനായി നിർമ്മിച്ച പികെ ശങ്കരൻ സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിപിഐഎമ്മിൻ്റെയും കർഷക സംഘത്തിൻ്റേയും നേതാവായിരുന്ന പി കെ ശങ്കരേട്ടൻ്റെ ഓർമ്മക്കായാണ് കെട്ടിടംനിർമ്മിച്ചത്. കാവുംവട്ടത്ത് ഉത്സവാന്തരീക്ഷത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
.

.
റോഡരികിൽ പാർട്ടി വാങ്ങിയ അഞ്ചര സെൻ്റ് സ്ഥലത്താണ് മനോഹരമായ ഇരുനില കെട്ടിടം പണിതത്. കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ അധ്യക്ഷനായി. രാഷ്ട്രിയത്തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ ശങ്കരേട്ടനോടൊപ്പം കഴിഞ്ഞ നാളുകളിലെ സംഭവങ്ങൾ ഓർമ്മിച്ചു കൊണ്ടാണ് പിണറായി പ്രസംഗം ആരംഭിച്ചത്. നിരവധി സഖാക്കളുടെ ത്യാഗങ്ങളിലൂടെ പടുത്തുയർത്തിയ കമ്യൂണിസ്റ്റ് പാർട്ടിയെ ജനങ്ങൾ തിരിച്ചറിഞ്ഞതിനാലാണ് പാർട്ടി മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
.

.
പ്രദേശത്തെ മുതിർന്ന സിപിഐഎം നേതാവായ പി വി മാധവൻ പതാക ഉയർത്തി. എൽ ഡി എഫ് കൺവീനറും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ടിപി രാമകൃഷ്ണൻ എംഎൽഎ സുവനീർ പ്രകാശനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ സുവനീർ ഏറ്റു വാങ്ങി. പികെ ദാമോദരക്കുറുപ്പിൻ്റെ സ്മരണക്കായുള്ള ഹാൾ ജില്ലാ സെക്രട്ടറിയേറ്റംഗം കെകെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
.

.
യുകെ കുഞ്ഞിച്ചോയി, എൻ എസ് നമ്പൂതിരി, കെ കുഞ്ഞാത്തു എന്നിവരുടെ ഫോട്ടോ ടി പി ദാസൻ, പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ, കന്മന ശ്രീധരൻ എന്നിവർ ചേർന്ന് അനാഛാദനം ചെയ്തു. ബിൽഡപ് ലൈൻ നടേരി സുരക്ഷ നടേരിക്ക് നൽകിയ ഫ്രീസർ ചടങ്ങിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ കെപി സുധ ഏറ്റുവാങ്ങി. കെട്ടിടത്തിൻ്റെ എഞ്ചിനീയറായ വിഎം സോമരാജൻ, ആർക്കിടെക്റ്റ് പി ഫിറോസ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. നടേരി ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ. കെ അനിൽകുമാർ സ്വാഗതം പറഞ്ഞു.
