KOYILANDY DIARY

The Perfect News Portal

“ചേമഞ്ചേരി” ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം: പുസ്തക പ്രകാശനം മെയ് 19ന്

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചേമഞ്ചേരിയുടെ ഇടം.. ചേമഞ്ചേരിയിലെ പൗരാവലിക്ക് വേണ്ടി കെ ശങ്കരൻ രചിച്ച പുസ്തകം 19ന് പ്രകാശനം ചെയ്യും. പ്രദേശത്തെ സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം വ്യക്തമാക്കുന്ന “ചേമഞ്ചേരി”– ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം എന്ന പുസ്തകം 19ന് ഞായറാഴ്ച 3 മണിക്ക് പൂക്കാട് എഫ്. എഫ്. ഹാളിൽ വെച്ച് കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്യും. 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയിൽ ചടങ്ങിൽ അധ്യക്ഷതവഹിക്കും. ഇതിനായി വിപുലമായ സ്വഗതസംഘം രൂപീകരിച്ചു.
ഇന്ത്യാ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി 1928- 29  മുതൽ 1942ൽ ആരംഭിച്ച ആഗസ്റ്റ് വിപ്ലവ കാലം വരെ ഈ ഗ്രാമത്തിൽ നടന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും, പഴയ തലമുറയുടെ ഓർമ്മ പുതുക്കുന്നതിനും വേണ്ടിയുള്ള ഒരു ശ്രമമാണ് പുസ്തക രചനയും വിപുലമായ പുസ്തക പ്രകാശനവും. 1930-ൽ ബെല്ലാരി സെൻട്രൽ ജയിലിലെ മൈനർ ബ്ലോക്കിൽ തടവുകാരനായി അടയ്ക്കപ്പെട്ട കാരോളി ഉണ്ണി നായരിൽ തുടങ്ങി 1942 കാലത്ത് മകൻ ശങ്കുണ്ണിയോടൊപ്പം ദേശീയ പ്രസ്ഥാനത്തിന്റെ – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ – സന്ദേശ വാഹകയായ കുഞ്ഞിപ്പാട്ടി അമ്മ വരെയുള്ള ദേശസ്നേഹികളെ/ പോരാളികളെ ഈ ചെറു ഗ്രന്ഥം അനുസ്മരിക്കുന്നു. 
Advertisements
 ആഗസ്റ്റ് വിപ്ലവകാലത്ത് അഗ്നി ജ്വാല ഉയർത്തിയ, ലിഖിത ചരിത്രത്തിൽ ഇടം ലഭിക്കാതെ പോയ  പോരാളികളും അനുസ്മരിക്കപ്പെടുന്നു. ഇവരിൽ പലരുടെയും  ഫോട്ടോ പോലും ഇന്ന് ലഭ്യമല്ല. സമര സഖാക്കൾക്ക് ആവശ്യമായ സംരക്ഷണം നൽകി, രക്ഷാകവചം ഒരുക്കിയ ഒരു പ്രദേശത്തെ ജനങ്ങളും എവിടെയും അനുസ്മരിക്കപ്പെടാതെ പോയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പൊരുതി, ത്യജിച്ച ധീര ദേശാഭിമാനികളിൽ പലർക്കും ഒരു അംഗീകാരവും ആദരവും എവിടെ നിന്നും ലഭിച്ചില്ല. ഈ പ്രദേശത്തു നടന്ന പോരാട്ടങ്ങൾക്കും ചരിത്രത്തിൽ അർഹമായ പരിഗണന ലഭിച്ചിരുന്നില്ല എന്നത് യാഥാർത്ഥ്യം മാത്രം. 
അരവിന്ദൻറെ ”ഉത്തരായന” ത്തിലും, വി എ കേശവൻ നായരുടെ “ഇരുമ്പഴികൾക്കുള്ളിലും”, തിക്കോടിയൻറെ” അരങ്ങു കാണാത്ത നടനിലുമെല്ലാം”  നിറഞ്ഞാടിയവരെ പുതുതലമുറ ആദരവോടെ സ്മരിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു സാഹസത്തിനു ബന്ധപ്പെട്ടവരെ നിർബന്ധിതരാക്കിയത്. പഴയ തലമുറയിലെ പോരാളികളെ അനുസ്മരിക്കാനും, ആദരിക്കാനും വേണ്ടിയുള്ള ഒത്തുചേരൽ കൂടിയാണ് പുസ്‌തക പ്രകാശനവേള.
പുസ്‌തകം ഏറ്റു വാങ്ങുന്നത് നന്ദകുമാർ മൂടാടി. ഡോക്ടർ എൻ വി സദാനന്ദൻ പുസ്തക പരിചയം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ സമരപോരാളികൾക്ക് ആദരപ്രഭാഷണം നടത്തും. ചടങ്ങിൽ കന്മന ശ്രീധരൻ, സി വി ബാലകൃഷ്ണൻ, എം കെ ഭാസ്‌കരൻ, എൻ പി അബ്ദുൾ സമദ്, വായനാരി വിനോദ്, മുക്കം മുഹമ്മദ്, ഇ കെ അജിത്ത്, അഡ്വ. വിനോദ് പയ്യട തുടങ്ങിയവർ സംസാരിക്കും
പത്രസമ്മേളനത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, വിടി വിനോദ്, പ്രദീപൻ കെ, വി, വി മോഹനൻ, രാമചന്ദ്രൻ മണാട്ട് എന്നിവർ പങ്കെടുത്തു.