KOYILANDY DIARY

The Perfect News Portal

ചെ രാജ്യാന്തര ചെസ് ഫെസ്റ്റിവൽ 16 മുതൽ

തിരുവനന്തപുരം: കേരളവും ക്യൂബയും ചേർന്ന്‌ സംഘടിപ്പിക്കുന്ന ‘ചെ രാജ്യാന്തര ചെസ് ഫെസ്റ്റിവലി’ന് തിരുവനന്തപുരം വേദിയാകും. 16 മുതൽ 20 വരെ ഹോട്ടൽ ഹയാത്ത്‌ റീജൻസിയിലാണ്‌ ടൂർണമെന്റ്‌. ചെ ഗുവേരയുടെ പേരിലാണ് അദ്ദേഹത്തിൻറെ ഇഷ്ടവിനോദമായ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന്‌ കായികമന്ത്രി വി അബ്‌ദുറഹിമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisements

16ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനദിവസത്തെ മത്സരങ്ങൾ ജിമ്മി ജോർജ് സ്റ്റേഡിയത്തിലും തുടർന്നുള്ള മത്സരങ്ങൾ ഹയാത്ത് റീജൻസിയിലെ വേദിയിലും അരങ്ങേറും. കായികവകുപ്പ് സംഘടിപ്പിക്കുന്ന മത്സരത്തിൻറെ നടത്തിപ്പുചുമതല സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനുമാണ്‌.

 

ഫെസ്റ്റിവലിനോടനുബന്ധിച്ച് എല്ലാ ജില്ലയിലും ചെസ് മത്സരങ്ങൾ സംഘടിപ്പിക്കും. ഉദ്‌ഘാടനദിവസം ക്യൂബൻ–-ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർമാർ വിജയിച്ച 64 പേരുമായി ഒരേസമയം കളിക്കും. അഞ്ചാംദിനം ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രഗ്-നാനന്ദയും മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനും ഏറ്റുമുട്ടും. തുടർന്ന്‌ ഇരുവരും തെരഞ്ഞെടുത്ത 16 ബാലതാരങ്ങളുമായും മത്സരിക്കുമെന്ന്‌ മന്ത്രി അറിയിച്ചു.

Advertisements