സ്ത്രീയെന്ന വ്യാജേന ചാറ്റിങ്ങ്. ശേഷം യുവതിയുടെ ഭർത്താവ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി
സ്ത്രീയെന്ന വ്യാജേന ചാറ്റിങ്ങ്. ശേഷം യുവതിയുടെ ഭർത്താവ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി, പ്രതി പിടിയിൽ. ചൊക്ലി ഒളവിലം പള്ളിക്കുനി സ്വദേശിയായ വരയാലിൽ വി. പി. ജംഷീദ് (28 ) ആണ് പിടിയിലായത്. നാദാപുരം കൺട്രോൾ റൂം സി.ഐ ശിവൻ ചോടോത്താണ് കണ്ണൂർ തില്ലങ്കേരി സ്വദേശിയുടെ പരാതിയിന്മേൽ പ്രതിയെ അറസ്റ്റ് ചെയ്തത്.

തില്ലങ്കേരി സ്വദേശിയുടെ മൊബൈൽ നമ്പറിൽ നസീറ എന്ന സ്ത്രീയെന്ന വ്യാജേന നിരന്തരം ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു. പിന്നീട് ചാറ്റ് ഭർത്താവ് തിരിച്ചറിഞ്ഞെന്ന് ജംഷീദ് തില്ലങ്കേരി സ്വദേശിയെ അറിയിച്ചു. തുടർന്ന് തൻ്റെ ഭാര്യയുമായി ചാറ്റിംഗിലേർപ്പെട്ടെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ഭർത്താവെന്ന വ്യാജേനയും വിളിച്ചു.

തുടർന്ന് മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വിളിച്ചു വരുത്തി പരാതി നൽകാതിരിക്കാൻ ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ഇയാളുടെ 70000 രൂപയും മൊബൈൽ ഫോണും വാങ്ങി. തട്ടിപ്പിനിരയായ തില്ലങ്കേരി സ്വദേശി ചോമ്പാൽ പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പിടിക്കപ്പെടുകയായിരുന്നു.
Advertisements

ജംഷിദ് മുമ്പ് മയക്കു മരുന്ന് കേസിലും പ്രതിയായിരുന്നു. ഇത്തരത്തിൽ മറ്റുള്ളവരെ വഞ്ചിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വടകര മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും.

