KOYILANDY DIARY.COM

The Perfect News Portal

ബിഎസ്എൻഎല്ലിൻ്റെയും, എംടിഎൻഎല്ലിൻ്റെയും ആസ്‌തികൾ വിറ്റഴിക്കാൻ കേന്ദ്ര നീക്കം

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലും ബിഎസ്എൻഎല്ലിൻ്റെയും, എംടിഎൻഎല്ലിൻ്റെയും ആസ്‌തികൾ വിറ്റഴിക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിഎസ്എൻഎൽ, എംടിഎൻഎൽ ആസ്‌തികളിൽ ഉടൻ വിറ്റഴിക്കാനുള്ളവയുടെ വിശദാംശം ഉൾപ്പെടുത്തി https://assetmonetization.bsnl.co.in എന്ന പേരിൽ വെബ്‌സൈറ്റ് വികസിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മെയ് ഒന്നിന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ടെലി കമ്യൂണിക്കേഷൻസ് വിഭാഗം സെക്രട്ടറി ഡോ. നീരജ് മിത്തൽ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാർക്ക് കത്തയച്ചു.
ബിഎസ്എൻഎല്ലിന് രാജ്യമുടനീളവും എംടിഎൻഎല്ലിന് ഡൽഹിയിലും മുംബൈയിലും സ്ഥലങ്ങളും ആസ്തികളുമുണ്ട്. ഇതിൽ ഉടൻ വിൽക്കുന്നവയുടെ വിശദാംശങ്ങൾ പുതിയ വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. സ്വകാര്യടെലികോം കുത്തകകൾക്കുവേണ്ടി ബിഎസ്എൻഎല്ലിന്റെ ‘കഥകഴിക്കാൻ’ പരിശ്രമിക്കുന്ന മോദി സർക്കാർ രാജ്യത്തിൻ്റെ കണ്ണായ സ്ഥലങ്ങളിലുള്ള ആസ്‌തികൾ വിറ്റഴിക്കാനുള്ള നടപടികൾ സജീവമാക്കിയിരിക്കുകയാണ്.
ബിഎസ്എൻഎല്ലിൽ 4ജി സേവനങ്ങൾപോലും വ്യാപകമാക്കാൻ കേന്ദ്ര സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഓരോ വർഷവും ബിഎസ്എൻഎൽ ഉപേക്ഷിച്ച് സ്വകാര്യ ടെലികോം കമ്പനികളിലേക്ക് ചേക്കേറുന്നത്. ബിഎസ്എൻഎല്ലിനെ ശക്തിപ്പെടുത്താനുള്ള ചെറിയ നടപടിപോലും സ്വീകരിക്കാതെ ആസ്‌തികൾ വിറ്റ് കാശാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി.
Share news