ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസ്; പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ, പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് കോഴിക്കോട് ജില്ല കോടതി പരിഗണിക്കും. കോഴിക്കോട് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി തള്ളിയതിന് പിന്നലെയാണ് ബുജൈർ ജില്ല കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. ഇന്നും ഇക്കാര്യം പൊലീസ് കോടതിയെ അറിയിക്കും.

ഈ മാസം 2 നാണ് കുന്ദമംഗലം ചൂലാംവയൽ വെച്ച് പി കെ ബുജൈർ ലഹരി പരിശോധനയ്ക്ക് എത്തിയ പോലീസിനെ ആക്രമിച്ചത്. ബുജൈർ ലഹരി ഇടപാട് നടത്താൻ ശനിയാഴ്ച വൈകിട്ട് കോഴിക്കോട് ചൂലാംവയൽ ബസ് സ്റ്റോപ്പിനുമുന്നിൽ എത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. വാഹനമടക്കം പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ ബുജൈർ പൊലീസുകാരെ തള്ളുകയും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചെയ്യുകയായിരുന്നു.

