KOYILANDY DIARY

The Perfect News Portal

സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: റോഡപകടങ്ങൾ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം.

കേരള റോഡ് സേഫ്‌റ്റി അതോറിറ്റിയുടെ 232,25,50,286 രൂപ ഉപയോഗിച്ച് വ്യവസ്ഥകൾക്ക് വിധേയമായി  കെൽട്രോൺ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഓരോ ത്രൈമാസ പെയ്‌മെന്റിന്  മുമ്പ്  ഉപകരണങ്ങൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നത് ഉറപ്പു വരുത്തുന്നതിന് അഡീഷണൽ  ട്രാൻസ്പോർട്ട് കമ്മീഷണർ തലവനും കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷനിലെ  ഐടി വിഭാഗം വിദഗ്ധനും ഗതാഗത വകുപ്പിന് കീഴിലെ ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഐടി /കമ്പ്യൂട്ടർ വിഭാഗത്തിലെ ഒരു അധ്യാപകനും ഉൾപ്പെടുന്ന സേഫ് കേരള പ്രോജക്‌റ്റ്  മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.

കേടായ ക്യാമറകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മാറ്റിസ്ഥാപിക്കാനുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച  ക്യാമറകൾ പോലീസ് വകുപ്പിലെ ക്യാമറകളുള്ള സ്ഥലത്തല്ല എന്ന് ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന  ഡേറ്റയും ക്യാമറ ഫീഡും പോലീസ് വകുപ്പിന് ആവശ്യാനുസരണം  നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായാണ് ക്യാമറകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ  വീഡിയോ ഫീഡും  മറ്റ് ഡാറ്റയും

പോലീസ്, എക്‌സൈസ്, മോട്ടോർ വാഹന,  ജിഎസ്ടി വകുപ്പുകൾക്ക് കൈമാറും. ഇതിന്റെ ഏകോപനത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി  ചെയർമാനും  ഗതാഗത സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി, പോലീസ്, എക്‌സൈസ്, മോട്ടോർ വാഹന, ജിഎസ്ടി വകുപ്പുകളുടെ മേധാവികൾ അംഗങ്ങളായും  കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. വാഹനങ്ങൾ തടഞ്ഞുനിർ‌ത്തിയുള്ള പരിശോധനകൾ പൊതുജനങ്ങൾ‌ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ്  ക്യാമറകൾ വഴി നിയമലം‌ഘനങ്ങൾ കണ്ടുപിടിക്കുന്നതിനായുള്ള “Fully Automated Traffic Enforcement System” സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കാൻ തീരുമാനിച്ചത്.

Advertisements

സം‌സ്ഥാനത്തെ ദേശീയ / സംസ്ഥാന ഹൈവേകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകൾ ഉപയോഗിച്ചാണ് നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നത്. ഇതിൽ 675 ക്യാമറകൾ ഹെൽ‌മറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽ‌റ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളിൽ അപകടം ഉണ്ടാക്കിയ ശേഷം നിർ‌ത്താതെ പോകുന്ന വാഹനങ്ങൾ (Hit & Run cases) തുടങ്ങിയവ കണ്ടുപിടിക്കാൻ ഉപയോഗിക്കും.

അനധികൃത പാർ‌ക്കിംഗ് കണ്ടുപിടിക്കുന്നതിന്  25 ക്യാമറകൾ, അമിത വേഗതയിൽ ഓടിക്കുന്ന വാഹനങ്ങൾ കണ്ടുപിടിക്കുന്ന 4 fixed ക്യാമറകൾ, വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള 4 ക്യാമറകൾ,  റെഡ് ലൈറ്റ് വയലേഷൻ  കണ്ടുപിടിക്കുവാൻ സഹായിക്കുന്ന 18 ക്യാമറകൾ എന്നിവയും ഈ സിസ്റ്റത്തിന്റെ ഭാഗമാണ്.  14 ജില്ലകളിലും കൺ‌ട്രോൾ റൂമുകളും  സ്ഥാപിക്കും.

തുടർ‍ച്ചാനുമതി

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 38 ലാന്റ് അക്വിസിഷൻ യൂണിറ്റുകളിലെ 516 തസ്തികകൾക്ക് 01.01.2023 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകും.

സ്റ്റാർട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്നതിന് സ്ഥലം പാട്ടത്തിന്

ടെക്‌നോപാർക്ക് നാലാംഘട്ട ക്യാമ്പസിലെ മൂന്നേക്കർ സ്ഥലം എമർജിംഗ് ടെക്‌നോളജീസ് സ്റ്റാർട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയിൽ കേരള സ്റ്റാർട്ടപ്പ് മിഷന് കൈമാറാൻ തീരുമാനിച്ചു. 30 വർഷത്തെ പാട്ടത്തിനാണ് കൈമാറുക.

സ്‌റ്റാഫ്‌പാറ്റേൺ പരിഷ്‌ക്കരിക്കും

കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌ക്കരിക്കും.