KOYILANDY DIARY

The Perfect News Portal

രാജൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ  സി. സി. ടി. വി ദൃശ്യം പൊലീസ് പുറത്തുവിട്ടു.

വടകര: വ്യാപാരി രാജൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സി. സി. ടി. വി ദൃശ്യം പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ശനി രാത്രി പതിനൊന്നോടെയാണ് പഴയ സ്റ്റാൻഡിനോട് ചേർന്ന മാർക്കറ്റിലേക്കുള്ള വനിതാ റോഡിൽ ഇ. എ ട്രേഡേഴ്സ് എന്ന കടയിൽ രാജനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

25നും 30നും ഇടയിൽ പ്രായമുള്ളതെന്ന്‌ കരുതുന്ന യുവാവിൻ്റെ ചിത്രമാണ് പോലീസ്  പുറത്തുവിട്ടത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളാണ് കൃത്യം ചെയ്തതെന്നാണ് പൊലീസ്‌ നിഗമനം. ഇയാളെ സമീപത്തെ കച്ചവടക്കാർക്കോ തൊഴിലാളികൾക്കോ പരിചയമില്ല. കൊല നടന്ന ദിവസം ഇയാളുടെ ചിത്രം ചില ക്യാമറകളിലുണ്ട്. എന്നാൽ രാജൻ്റെ ബൈക്കുമായി ഇയാൾ പോകുന്ന ദൃശ്യം കിട്ടിയിട്ടില്ല. പ്രതിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ.
കൊലപാതകത്തെ തുടർന്ന് നഗരത്തിലെ ഒന്നര കിലോമീറ്റർ ചുറ്റുപാടിലുള്ള സി. സി. ടി. വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. അമ്പതിലേറെ പേരെ ചോദ്യംചെയ്തു. കൊലപാതകത്തിന് സാക്ഷികളോ, പ്രതിയെ കണ്ടെന്ന് പറയുന്നവരോ ഇല്ല. സംഭവം നടന്ന് ആറു ദിവസമായിട്ടും രാജൻ്റെ നഷ്ടപ്പെട്ട ബൈക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Advertisements
ഉത്തര മേഖല ഡി. ഐ. ജി. രാഹുൽ ആർ. നായർ വ്യാഴാഴ്ച  ഉച്ചയോടെ വടകരയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. ഡി. വൈ. എസ്‌. പി. ആർ. ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസന്വേഷിക്കുന്നത്.