KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥികളെ പാതിവഴിയിൽ ഇറക്കിവിട്ട് ബസ് ജീവനക്കാർ: നടപടിയെന്ന് കൊയിലാണ്ടി സി.ഐ

രാത്രികാല പഠനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികളെ പാതിവഴിയിൽ ഇറക്കിവിട്ട് ബസ് ജീവനക്കാരുടെ കൊടും ക്രൂരത. സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് കൊയിലാണ്ടി സി.ഐ. വ്യക്തമാക്കി. കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്ന ബി.ടി.സി. ബസ്സ് ജീവനക്കാരാണ് കുട്ടികളെ ഇറക്കിവിട്ടത്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ രാത്രികാല പഠനം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചുവരികയായിരുന്ന വിദ്യാർത്ഥികളെയാണ് ബസ് ജീവനക്കാർ പാതിവഴിയിൽ ഇറക്കി വിട്ടത്.
Advertisements
വിദ്യാർത്ഥികൾക്കുള്ള സൗജന്യ യാത്ര സമയം കഴിഞ്ഞുവെന്ന് പറഞ്ഞാണ് ഏഴ് കുട്ടികളെ ബസ്സിൽ നിന്നും നിർബന്ധപൂർവ്വം പെരുവഴിയിൽ ഇറക്കിവിട്ടത്. പൂക്കാടിനും തിരുവങ്ങൂരിനും ഇടയിലുള്ള വെറ്റിലപ്പാറ സ്റ്റോപ്പിലാണ് കുട്ടികളെ ഇറക്കിവിട്ട് കുട്ടികളോട് ക്രൂരത കാട്ടിയത്. റോഡ് പണി നടക്കുന്ന സ്ഥലത്ത് കുട്ടികൾ പെരുവഴിയിലായതോടെ നാട്ടുകാർ ഇടപെട്ട് സ്കൂൾ അധികൃതരെ  വിളിച്ചുവരുത്തി മറ്റൊരു വാഹനത്തിൽ കുട്ടികളെ കയറ്റി വിടുകയായിരുന്നു.
കൊയിലാണ്ടി, കുറുവങ്ങാട്, പൂക്കാട് തോരായികടവ്, ചെങ്ങോട്ടുകാവ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുട്ടികളാണ് ബസ്സ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്.  പാതിവഴിയിൽ ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാർ പറഞ്ഞു.