വീടുകളിൽ മോഷണം; 3 ഉത്തരേന്ത്യൻ തൊഴിലാളികൾ പിടിയിൽ
മാന്നാർ: വീടുകളിൽ മോഷണം നടത്തിയ 3 ഉത്തരേന്ത്യൻ തൊഴിലാളികൾ പിടിയിൽ. പ്രവാസിയുടെ ആൾതാമസമില്ലാത്ത വീട്ടിൽനിന്നാണ് സ്വർണ- വജ്രാഭരണ കവർച്ച നടത്തിയത്. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34), ആരീഫ് (30), റിസ്വാൻ സൈഫി (27) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. യുപി, തെലങ്കാന എന്നിവിടങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. റിയാസത്ത് അലി (34), മുഹമ്മദ് ഹസർ (40) എന്നിവർ ഒളിവിലാണ്.

ഒരുമാസം മുമ്പ് പ്രവാസിയായ കുട്ടമ്പേരൂർ രാജശ്രീ രാജശേഖരൻപിള്ളയുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളടക്കം ഒരുകോടിയോളം രൂപയാണ് നഷ്ടമായത്. സംഭവത്തെത്തുടർന്ന് പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് മൂന്നായി തിരിഞ്ഞ് പ്രതികൾക്കായി അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും എല്ലാം വിരൽചൂണ്ടിയത് അന്യസംസ്ഥാന കുറ്റവാളികളിലേക്കായിരുന്നു. തുടർന്ന് മാന്നാർ എസ്എച്ച്ഒ ജോസ് മാത്യുവിൻറെയും എസ്ഐ സി എസ് അഭിരാമിൻറെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം യുപിയിലേക്ക് പോയി. ഉത്തർപ്രദേശിലെ ബിജിനൂർ ജില്ലയിലെ ഗ്രാമമായ ശിവാലയിൽനിന്ന് ഏറെ ക്ലേശം സഹിച്ചാണ് മുഹമ്മദ് സൽമാനെ പിടികൂടിയത്.

പിടിയിലായ ആരിഫ് മോഷണം നടന്ന വീടുകൾക്ക് 200 മീറ്റർ അടുത്ത് ജെൻര്സ് ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു. വീട് അടഞ്ഞുകിടക്കുന്ന വിവരം ആരിഫ് മുഖാന്തരമാണ് മറ്റ് പ്രതികൾ അറിഞ്ഞതും, ഇയാളാണ് ഇവരെ മാന്നാറിലേക്ക് ക്ഷണിച്ചതും. എല്ലാവരും മാന്നാറിലെത്തി കൃത്യം നിർവഹിച്ച് മടങ്ങി. പ്രത്യേക അന്വേഷകസംഘങ്ങൾ ന്യൂഡെൽഹിയിലെത്തി താമസിച്ച് സൈബർസെല്ലിൻറെ സഹായത്തോടെ പ്രതികളുടെ നീക്കങ്ങൾ കൃത്യമായി മനസിലാക്കി ഉത്തർപ്രദേശിലെത്തി.

പ്രതികളെ പിടികൂടാൻ യുപി പൊലീസിൻറെ സഹായം തേടി. ഇവർ കൊടുംകുറ്റവാളികൾ ആണെന്ന് അവിടെ വച്ചാണ് മനസിലായത്. യുപി പൊലീസിനൊപ്പം രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിൽ കരിമ്പിൻകാട്ടിൽനിന്ന് മുഹമ്മദ് സൽമാനെ പിടികൂടി. അവിടെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് മുഖാന്തരം കേരളത്തിലെത്തിച്ചു. സംഘത്തിലുള്ള ബാക്കി മൂന്നുപേർ മോഷണം നടത്തിയശേഷം മോഷണമുതലുകൾ പങ്കുവച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോയെന്ന് പിടിയിലായവർ പറഞ്ഞു.

അന്വേഷകസംഘം ഹൈദരാബാദിലെത്തി റിസ്വാൻ സെയിയെയും ബംഗളൂരുവിൽനിന്ന് തസ്ലിം അഹമ്മദിനെയും പിടികൂടി. മാന്നാർ എസ്എച്ച്ഒ ജോസ് മാത്യു, എസ്ഐമാരായ സി എസ് അഭിരാം, സുധീപ്, മോഹൻകുമാർ, ക്രൈം ബ്രാഞ്ച് എഎസ്ഐ സുധീർ, എഎസ്ഐ മധു, സീനിയർ സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീക്ക്, അരുൺ ഭാസ്കർ, സാജിദ്, സിദ്ദിഖ് ഉൾ അക്ബർ, സിപിഒ ഹരിപ്രസാദ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷകസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
