KOYILANDY DIARY.COM

The Perfect News Portal

ബ്രഹ്‌മപുരം തീപിടിത്തം: ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാർ യോഗം ചേർന്നു

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് മന്ത്രി വീണ ജോര്‍ജ്. മന്ത്രി പി രാജീവും എംഎല്‍എമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മറ്റ് മന്ത്രിമാര്‍ ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പുക മൂലം പരിസരവാസികള്‍ക്കുള്‍പ്പടെ ഉണ്ടായിട്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് അടിയന്തരയോഗം ചേരുന്നത്. തീപിടിത്തത്തെ കുറിച്ച് ചീഫ് സെക്രട്ടറി ഉന്നത ഉദ്യേഗസ്ഥരുമായും ചര്‍ച്ച നടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ചീഫ് സെക്രട്ടറി വി പി ജോയിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി ചേര്‍ന്നത്.

അതേസമയം, പത്തോളം അഗ്‌നിരക്ഷാ സേനകള്‍ ബ്രഹ്‌മപുരത്തെ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. 80 ശതമാനത്തോളം തീ നിയന്ത്രണവിധേയമാക്കിയതായി അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ബ്രഹ്‌മപുരത്തും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഞായറാഴ്ച വീടുകളില്‍ തന്നെ കഴിയണമെന്ന് ജില്ലാ കലക്ടര്‍ രേണുരാജ് നിര്‍ദേശം നല്‍കിയിരുന്നു. മേഖലയിലെ കടകള്‍ അടച്ചിടണം. പ്രദേശത്ത് കൂടുതല്‍ ഓക്‌സിജന്‍ കിയോസ്‌കുകള്‍ സജ്ജമാക്കുമെന്നും അടിയന്തര സാഹചര്യത്തെ നേരിടാന്‍ ആശുപത്രികള്‍ തയ്യാറാണെന്നും രേണുരാജ് വ്യക്തമാക്കി.

Share news