KOYILANDY DIARY.COM

The Perfect News Portal

ഇലക്ടറൽ ബോണ്ടിലെ പണംകൊണ്ട്‌ ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്നു; മുഖ്യമന്ത്രി

കോട്ടയം: ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച കോടിക്കണക്കിന്‌ രൂപ ബിജെപി ഉപയോഗിക്കുന്നത്‌ ജനാധിപത്യത്തെ അട്ടിമറിക്കാനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്‌ഥാനാർത്ഥി തോമസ്‌ ചാഴികാടന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർത്ഥം തലയോലപ്പറമ്പിലും പാലായിലും കോട്ടയത്തും പൊതുസമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം അന്വേഷണ ഏജൻസികളെ പലരുടെയും അടുത്തേക്ക്‌ അയച്ച്‌ അവരെ വരുതിയിലാക്കാൻ ശ്രമിക്കുന്നു. ഡിഎൽഎഫ്‌ കമ്പനിയുടെ റിയൽ എസ്‌റ്റേറ്റ്‌ ഇടപാടിൽ  അഴിമതിയുണ്ടെന്ന്‌ ആദ്യം പറയുന്നു. ബോണ്ടിലൂടെ ബിജെപിക്ക്‌ 170 കോടി കിട്ടിയപ്പോൾ നിയമവിരുദ്ധമായി ഒന്നുമില്ലെന്നായി. ഹിമാചൽപ്രദേശിൽ വൈദ്യുതി നിലയത്തിന്‌ അപേക്ഷ നൽകിയ, ആന്ധ്രാപ്രദേശിൽനിന്നുള്ള ബിജെപി രാജ്യസഭാംഗം കോൺഗ്രസിന്‌ ബോണ്ട്‌ നൽകുന്നു. അദ്ദേഹത്തിന്‌ കോൺഗ്രസ്‌ സർക്കാരും സഹായം നൽകി. കോൺഗ്രസും ബിജെപിയും ഇലക്ടറൽ ബോണ്ട്‌ വാങ്ങി വ്യവസായികൾക്കും മറ്റും സഹായങ്ങൾ നൽകി.

    

കെജ്‌രിവാളിനെതിരെ ഇഡി മൊഴി സൃഷ്‌ടിച്ചതും സമാനമായ രീതിയിലാണ്‌. മദ്യനയക്കേസിൽ ആദ്യം പ്രതിയായ വ്യവസായിയിൽനിന്ന്‌ ബോണ്ട്‌ കൈപ്പറ്റി. പിന്നീട്‌ കെജ്‌രിവാളിനെതിരെ അയാൾ മൊഴി നൽകി. അപ്പോൾ മാപ്പുസാക്ഷിയായി. കെജ്‌രിവാളിനെതിരെ ഡൽഹി പൊലീസിൽ ആദ്യഘട്ടത്തിൽ പരാതി നൽകിയ കോൺഗ്രസിന്‌, ഇക്കാര്യത്തിൽ തെറ്റ്‌ പറ്റിയെന്ന്‌ പറയാനുള്ള ആർജവം കാണിക്കാമായിരുന്നു.  

Advertisements

കേരളം തകരണമെന്ന്‌ കരുതുന്നവരാണ്‌ സംഘപരിവാറുകാർ. അവരുടെ വെറുപ്പിന്റെ പ്രത്യയശാസ്‌ത്രം ഇവിടെ വിലപ്പോകാത്തതിനാലാണത്‌. കേരളത്തെ പാഠം പഠിപ്പിക്കണമെന്ന്‌ കേന്ദ്രസർക്കാരും ചിന്തിക്കുന്നു. ഇവിടെനിന്ന്‌ ലോക്‌സഭയിലേക്ക്‌ പോയ യുഡിഎഫിന്റെ 18 എംപിമാരും ഇക്കാര്യത്തിൽ നിശബ്ദരായി. നിവേദനത്തിൽ ഒപ്പിടാൻ പോലും കൂട്ടാക്കിയില്ല. തോമസ്‌ ചാഴികാടനും എ എം ആരിഫും മാത്രമാണ്‌ കേന്ദ്രത്തിനെതിരെ ലോക്‌സഭയിൽ ശബ്ദിച്ചത്‌.

പൗരത്വ ഭേദഗതി നിയമത്തിലും ബിജെപിക്കൊപ്പമാണ്‌ കോൺഗ്രസ്‌. ഡൽഹിയിൽ സമരം നടത്തി സിപിഐ എം ജനറൽ സെക്രട്ടറിയടക്കമുള്ളവർ കേസിൽ പ്രതിയായി. ഒറ്റ കോൺഗ്രസുകാരൻ സമരം ചെയ്‌തോ. പത്രിക നൽകാൻ വയനാട്ടിൽ വന്നപ്പോൾപോലും രാഹുൽ ഇതേക്കുറിച്ച്‌ മിണ്ടിയില്ല–- പിണറായി പറഞ്ഞു.

Share news