KOYILANDY DIARY

The Perfect News Portal

ത്രിപുരയിൽ ബിജെപിക്ക് അടിപതറുന്നു. തിരിച്ചടി 
ഭയന്ന്‌ ബിജെപി മുൻ സംസ്ഥാന 
അധ്യക്ഷനും പാർടി വിട്ടു

ത്രിപുരയിൽ ബിജെപിക്ക് അടിപതറുന്നു. തിരിച്ചടി ഭയന്ന്‌ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും പാർടി വിട്ടു. അതിനിടെ ത്രിപുരയിൽ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ്‌ റാലികളിൽ ആവേശം വിതറാനാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടതുമുന്നണി ശക്തിയാർജിച്ച്‌ വൻ തിരിച്ചുവരവ്‌ നടത്തുമെന്ന പ്രവചനങ്ങളും തിപ്രമോത ബിജെപിക്ക്‌ സൃഷ്‌ടിച്ചേക്കാവുന്ന ആഘാതവും റാലികളില്‍ മോദിയുടെ വാക്കുകളിൽ നിഴലിച്ചു. ധലായ് ജില്ലയിലെ അംബാസയിലെ റാലിയില്‍  പേരെടുത്തു പറഞ്ഞില്ലെങ്കിലും തിപ്രമോത വോട്ടുചോർത്തുമെന്ന ആശങ്ക മോദി പങ്കുവച്ചു. ത്രിപുരയില്‍ വികസനം വന്നതും അടിസ്ഥാനസൗകര്യം വികസിച്ചതും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയിലാണെന്നതടക്കം കള്ളക്കഥകളും മോദി തട്ടിവിട്ടു. 13ന്‌ അഗർത്തലയിലാണ്‌ അടുത്ത റാലി.

മുൻ സംസ്ഥാന അധ്യക്ഷനും പാർടി വിട്ടു
ബിജെപി മുൻ ത്രിപുര പ്രസിഡന്റ്‌ രഞ്ജോയ്‌ ദേവും പാർടിവിട്ടു. സ്വേച്ഛാധിപതികളെ വെറുക്കുന്നുവെന്നും ജനാധിപത്യത്തിന്റെ പാതയിലേക്ക്‌ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ബിജെപിയുടെ രാഷ്‌ട്രീയം കച്ചവടം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി ന്യൂനപക്ഷമോർച്ചയുടെ പ്രമുഖ നേതാവ്‌ റാഫി സമനും പാർടിവിട്ടു.

വോട്ടുചെയ്യാൻ വിദേശത്തുള്ളവരും വരണം: മണിക്‌ സാഹ
തെരഞ്ഞെടുപ്പ്‌ അട്ടിമറി നീക്കങ്ങളെ ഇടതുമുന്നണി ചെറുക്കുന്നതോടെ വിദേശത്തുള്ളവരും സംസ്ഥാനത്തിന്‌ പുറത്തുള്ളവരും ബിജെപിക്ക്‌ വോട്ടുചെയ്യാൻ എത്തണമെന്ന്‌ മുഖ്യമന്ത്രി മണിക്‌ സാഹയുടെ അഭ്യർഥന. ആയിരങ്ങൾ പാർടി വിട്ടതും യോഗങ്ങളിൽ ആളില്ലാത്തതും ബിജെപിക്ക്‌ കടുത്ത ആശങ്കയാണ്. ബിജെപി ഭരിക്കുന്ന അസമിൽനിന്ന്‌ വ്യാപകമായി കള്ളവോട്ട്‌ ചെയ്യാൻ ആളെത്തുമെന്ന് ഇടതുമുന്നണി മുന്നറിയിപ്പ്‌ നൽകി. ഇതോടെ അതിർത്തിയിൽ സേന പരിശോധന ശക്തമാക്കി.

Advertisements

ബംഗ്ലാദേശ്‌ അതിർത്തിയോട്‌ ചേർന്നുള്ള സിപാഹിജാല ജില്ലയിൽ വൻമൊബൈൽ ഫോൺ ശേഖരം പിടികൂടി. വ്യാപകമായി ബിജെപി അക്രമം തുടരുകയാണ്‌. ചാരിലം മണ്ഡലത്തിന്റെ സ്ഥാനാർഥിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ അശോക്‌ ദേബ്‌ബർമയെ ബിജെപി സംഘം തല്ലിച്ചതച്ചു. തെലിയമുരയിലും സോനമുറയിലും ആക്രമിക്കാനെത്തിയ ബിജെപിക്കാരെ ഇടതുമുന്നണി പ്രവർത്തകർ തുരത്തിയോടിച്ചു.