KOYILANDY DIARY

The Perfect News Portal

ബേപ്പൂർ തുറമുഖ വികസനം വേഗത്തിലാക്കുന്നു

ഫറോക്ക്: ബേപ്പൂർ തുറമുഖത്ത്‌ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനും ആഴം കൂട്ടലിനും (ഡ്രഡ്ജിങ്) നടപടി ആരംഭിച്ചു. വലിയ കണ്ടെയ്നർ കപ്പലുകൾക്കുൾപ്പെടെ അനായാസം തുറമുഖത്തെത്താൻ കപ്പൽ ചാലിന്റെ ആഴം കൂട്ടാനുള്ള ടെൻഡർ നടപടി തുടങ്ങിയതായും  തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ ഓഫീസ്‌ അറിയിച്ചു.

തുറമുഖം മുതൽ അഴിമുഖംവരെ മൂന്ന്‌ കിലോമീറ്ററിൽ 100 മീറ്റർ വീതിയിൽ കപ്പൽ ചാൽ 5.5 മീറ്റർ ആഴമാക്കും. വാർഫ് ബേസിനും ആഴം കൂട്ടും. 11.8 കോടി രൂപ ഡ്രഡ്ജിങ്ങിന്  അനുവദിച്ചിട്ടുണ്ട്. സിൽക്കിന് പാട്ടത്തിന് നൽകിയ ഭൂമിയും നേരത്തേ ബേപ്പൂർ കോവിലകത്തിൽനിന്നും 25.25 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 3.83 ഏക്കർ ഭൂമിയും ചേർത്ത് ചരക്ക് സംഭരണത്തിനും കയറ്റിറക്കിനുമായി ഗോഡൗൺ നിർമിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും പദ്ധതിയുണ്ട്‌. ക്രെയിനുകളുടെ കേടുപാട്‌ തീർക്കാൻ കേരള മാരിടൈം ബോർഡ് ഫണ്ടിൽനിന്നും മുൻകൂർ തുകയും നൽകും.
മൊബൈൽ ക്രെയിൻ വാങ്ങാനുള്ള നടപടിയുമായി. രണ്ട്, അഞ്ച് നമ്പർ ക്രെയിനുകൾ ഒഴിവാക്കാനും നിർദേശമുണ്ട്. ആവശ്യമെങ്കിൽ കാർഗോ സ്കാനിങ് മെഷീൻ സ്ഥാപിക്കാനും മാരിടൈം ബോർഡ് നടപടി സ്വീകരിക്കും.