KOYILANDY DIARY

The Perfect News Portal

സംയുക്ത സേന അഭ്യാസ പ്രകടനം, യുദ്ധക്കപ്പൽ പ്രദർശനം, മറക്കണ്ട നാളെ ബേപ്പൂർ ഫെസ്റ്റ് ആരംഭിക്കും

യുദ്ധക്കപ്പൽ പ്രദർശനം, സംയുക്ത സേനകളുടെ അഭ്യാസ പ്രകടനം, എല്ലാം നേരിൽ കാണാം.. മറക്കണ്ട നാളെ ബേപ്പൂർ ഫെസ്റ്റ് ആരംഭിക്കും..  ബേപ്പൂരിനെ ജലസാഹസിക ടൂറിസം കേന്ദ്രമാക്കി അടയാളപ്പെടുത്തുന്ന  ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് -രണ്ടാം പതിപ്പിന് ശനിയാഴ്‌ച തുടക്കമാക്കും. വൈകിട്ട് 6ന് ബേപ്പൂർ പുലിമുട്ട് മറീന ബീച്ചിലെ പ്രധാന വേദിയിൽ  ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. മേയർ ഡോ. ബീന ഫിലിപ്പ്‌ അധ്യക്ഷയാവും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, നടൻ സുരാജ് വെഞ്ഞാറമൂട് എന്നിവരും പങ്കെടുക്കും.
വൈകിട്ട് നാലിന് ഫിഷ് മാർക്കറ്റ് റോഡിൽനിന്ന്‌ ഘോഷയാത്രയോടെയാണ്‌ തുടങ്ങുക. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനപ്രകടനം, നാവികസേനയുടെ ബാൻഡ്‌, പാരാമോട്ടോറിങ്, ഫ്ലൈ ബോർഡ് ഡെമോ എന്നിവയുമുണ്ടാകും. രാത്രി ഏഴര മുതൽ ഗായിക സിതാരയും സംഘവും അവതരിപ്പിക്കുന്ന “മലബാരിക്കസ്’ മ്യൂസിക് ബാൻഡ് അരങ്ങേറും.
ബേപ്പൂർ മറീന തീരം, ചാലിയാർ തീരം, ചാലിയം ബീച്ച്‌ എന്നിവിടങ്ങളിലാണ്‌ അഞ്ചുദിവസങ്ങളിലായി ഫെസ്റ്റ് നടക്കുക.
സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണസംവിധാനവും സംയുക്തമായി  സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടന ദിവസം രാവിലെ ഏഴിന് കോഴിക്കോട് ബീച്ചിൽനിന്ന്‌ ആരംഭിക്കുന്ന സൈക്കിൾ റൈഡിങ് മറീന ബീച്ചിൽ അവസാനിക്കും. മെഗാ ഭക്ഷ്യമേള, ഫ്ലീ മാർക്കറ്റ്‌, പ്രദർശനം എന്നിവയും ഒരുക്കും. ചാലിയം ബീച്ചിൽ ശനി മുതൽ മൂന്നുനാൾ ടൂറിസം കാർണിവലും മെഗാ സംഗീത പരിപാടിയും നടക്കും.
എല്ലാ ദിവസവും ജലസാഹസിക കായിക മത്സരങ്ങൾ, കര, നാവിക, തീരസംരക്ഷണ സേനകളുടെ അഭ്യാസം, യുദ്ധക്കപ്പൽ പ്രദർശനം, വിമാനാഭ്യാസങ്ങൾ, കൈറ്റ് ഫെസ്റ്റ്, മെഗാ മ്യൂസിക്കൽ ഇവന്റ്‌സ്‌ തുടങ്ങിയവ ഉണ്ടാവും.