KOYILANDY DIARY

The Perfect News Portal

ബൈജൂസ് ഓഫീസുകൾ അടച്ചുപൂട്ടുന്നു; ജീവനക്കാർക്ക് വർക് ഫ്രം ഹോം

ബം​ഗളൂരു: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് എഡ്യൂടെക് കമ്പനിയായ ബൈജൂസിന്റെ ഓഫീസുകൾ അടച്ചുപൂട്ടുന്നു. ജീവനക്കാർക്ക് വർക് ഫ്രം ഹോം ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ചെലവ് ചുരുക്കാൻ വേണ്ടിയാണ് ഓഫീസുകൾ അടയ്ക്കുന്നത്.  ബംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫീസുകളാണ് പൂട്ടുന്നത്. കമ്പനിയിലെ 14,000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ആസ്ഥാന ഓഫീസിലെ ജീവനക്കാരും ബൈജൂസ് ട്യൂഷൻ സെന്ററുകളിലെ മുന്നൂറോളം ജീവനക്കാരും ഒഴികെ മറ്റെല്ലാവരോടും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാനാണ് നിർദേശം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനി അവരുടെ പല കോൺട്രാക്ടുകളും ചെലവ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി പുതുക്കിയിരുന്നില്ല. 20,000 ത്തിലധികം ജീവനക്കാർക്ക് ബൈജൂസ് നൽകാനിരിക്കുന്ന ശമ്പളത്തിന്റെ ഒരു ഭാഗം വിതരണം ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ബൈജൂസ് ട്യൂഷൻ സെന്ററുകൾ പ്രവർത്തനം തുടരും. 6 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 300ഓളം ട്യൂഷൻ സെന്ററുകളാണ് ബൈജൂസിന്റെ കീഴിൽ പ്രവർത്തിക്കുന്നത്.

 

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്. ബൈജു രവീന്ദ്രനും കമ്പനിയുടെ ചില ഓഹരി ഉടമകളും തമ്മിൽ പുതിയ ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയാണ്.  ബൈജൂസ് നിക്ഷേപകർ അടുത്തിടെ അസാധാരണ യോഗം ചേർന്ന് ബൈജു രവീന്ദ്രനെ കമ്പനിയിൽ നിന്ന് നീക്കം ചെയ്യാനും ബോർഡ് പുനസംഘടിപ്പിക്കാനും അടക്കമുള്ള പ്രമേയങ്ങൾ പാസാക്കിയിരുന്നു.

Advertisements