അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വയനാപക്ഷാചരണ സമാപനത്തോടാനുബന്ധിച്ചു ബഷീർ അനുസ്മരണം നടന്നു

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വയനാപക്ഷാചരണ സമാപനത്തോടനുബന്ധിച്ചു ബഷീർ അനുസ്മരണം നടന്നു. യോഗാ പ്രചാരകയും സാമൂഹ്യ പ്രവർത്തകയുമായ കുറുവങ്ങാട് ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മാനത്തോളം ഉയരമുള്ള മാണിക്യക്കൊട്ടാരം കെട്ടിപ്പൊക്കുന്ന ഭാവനയുള്ള ബഷീർ ജയിലറക്കുള്ളിൽ പോലും പൂന്തോട്ടം നിർമ്മിക്കുകയും ആസ്വാതന്ത്ര്യത്തിന്റെ മതിലിനപ്പുറത്ത് നിന്നുള്ള ഉണക്കക്കമ്പുകളിൽ വരെ പ്രണയത്തിന്റെ സുഗന്ധപുഷ്പങ്ങൾ ദർശിക്കുകയും ചെയ്തു. ഒരു വേട്ടനായയെപോലെ തന്നെ പിന്തുടരുന്ന നിയോഗത്തിന്റെ നീതിയെന്തെന്ന അന്വേഷണമാണ് ബഷീറിന്റെ ജീവിതം.


തെരുവുകളിൽ അലയുമ്പോഴും തന്റെ അനുഭവങ്ങൾക്ക് പേരിടനാവുന്നില്ല ബഷീറിനെന്നും ശ്രീകല ടീച്ചർ പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രാദേശിക എഴുത്തുകാരി ഉഷാ ബാലകൃഷ്ണൻ സംസാരിച്ചു. ചരിത്രത്തിന്റെ ഉന്മാദമാണ് യുദ്ധമെന്ന ബഷീറിന്റെ ആശയങ്ങൾ ആസുരമായ വർത്തമാനം നമ്മെ ബോധ്യപ്പെടുത്തുന്നുവെന്ന് അവർ പറഞ്ഞു.

ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ അനുസ്മരണപ്രഭാഷണം നടത്തി. എല്ലാ മുലകളിൽ നിന്നും ചുരത്തുന്നത് ജീവാമൃതമായ മുലപ്പാലാണെന്ന തിരിച്ചറിവാണ് ബഷീറിന്റെ സാഹോദര്യത്തിന്റെ അടിത്തറയെന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് കെ. എം. ബാലകൃഷ്ണൻ സംസാരിച്ചു. ജയന്തി ടീച്ചർ സ്വാഗതവും ലൈബ്രേറിയൻ ടി. എം. ഷീജ നന്ദിയും പറഞ്ഞു.

