ബാലുശേരി എക്സൈസ് ഓഫീസിന് പൊട്രോളൊഴിച്ച് തീയിട്ടു

ബാലുശേരി: ഉള്ള്യേരി 19 ൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാലുശേരി എക്സൈസ് ഓഫീസിന് തീയിട്ടു. ബുധൻ പുലര്‍ച്ചെ മൂന്നരയോടെ ഓഫീസിന്റെ മുന്നിലെ വാതിലില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു.

പുക ഉയരുന്നത് ഓഫീസിനുള്ളില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ. ദീപേഷും ആര്‍ കെ. റഷീദും കാണുകയായിരുന്നു. ഇവർ വെള്ളം ഒഴിച്ച് തീയണയച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പുറത്ത് നിര്‍ത്തിയിട്ട എക്സൈസ് ജീപ്പിലും പൊട്രോളൊഴിച്ചിട്ടുണ്ട്. സീറ്റ് കുത്തിക്കീറുകയും ചെയ്‌തു. ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി ഉദ്യോഗസ്ഥര്‍ പൊലീസിന് മൊഴിനല്‍കി. കത്തിക്കാനുപയോഗിച്ച ലൈറ്റര്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി. രാജേന്ദ്രന്‍, പേരാമ്പ്ര എക്‌സൈസ് സിഐ എന്‍ ടി. സുദീപ് കുമാര്‍, അത്തോളി സ്റ്റേഷന്‍ ഓഫീസര്‍ ടി എസ്. ശ്രീജിത്ത്, എസ് ഐ ആര്‍. രാജീവ്, ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥന്‍ കെ. ഫാബില്‍, വിരലടയാള വിദഗ്ധരായ എ കെ. ജിജീഷ് പ്രസാദ്, കെ കെ. ജീവരാജ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി തെളിവ് ശേഖരിച്ചു. ബാലുശേരിയിൽ നിന്ന് ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
