KOYILANDY DIARY

The Perfect News Portal

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ചു

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ചു. ഒന്നാം പ്രതി ഹുസൈന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റവിമുക്തരാക്കിയ നാലാം പ്രതിയും 11-ാം പ്രതിയും ഒഴികെയുള്ള മറ്റ് 12 പ്രതികൾക്ക് 7 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും 5000 രൂപ അധിക പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ തടവ് കാലം കൂടും. മണ്ണാർക്കാട് പട്ടികജാതി–വർ​ഗ പ്രത്യേക കോടതി ജഡ്ജി കെ. എം. രതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. വിചാരണ നടക്കുന്ന സമയത്ത് നൂറിലേറെ സാക്ഷികളുണ്ടായിരുന്ന കേസിൽ 24 പ്രധാന സാക്ഷികളാണ് കൂറുമാറിയത്.

പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, എസ്‍സി–എസ്ടി അതിക്രമ നിയമം എന്നിവ തെളിയിക്കപ്പെട്ടതായി കോടതി വൃക്തമാക്കി. പതിനാറാം പ്രതി മുനീറിനെതിരെ 352-ാം വകുപ്പ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്ന് കോടതി കണ്ടെത്തിയിരുന്നു. മധുവിനെ കയ്യേറ്റം ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. എന്നാൽ ക്രൂരമായ മർദ്ദനമില്ലാത്തതിനാൽ മറ്റ് വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ മുനീറിനെ ഒഴികെ മറ്റെല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുനീറിനോട് ബുധൻ രാവിലെ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി രാജേഷ് എം മേനോനാണ് ഹാജരായത്. വിധി കേൾക്കാൻ മധുവിൻ്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവർ കോടതിയിൽ എത്തിയിരുന്നു.

Advertisements