KOYILANDY DIARY

The Perfect News Portal

തലയൂരാൻ നോക്കിയിട്ടും നിർത്തിപ്പൊരിച്ച്‌ കെപിസിസി നേതൃയോഗം

തിരുവനന്തപുരം: വിമർശനമൊഴിവാക്കാൻ എംപിമാരും മുതിർന്ന നേതാക്കളുമില്ലാത്ത നേരംനോക്കി ചേർന്നിട്ടും ഭാരവാഹികളെ നിർത്തിപ്പൊരിച്ച്‌ കെപിസിസി നേതൃയോഗം. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുമാണ് ഏറെ പഴി കേട്ടത‍്. ശശി തരൂരടക്കമുള്ള എംപിമാർ അച്ചടക്കം ലംഘിക്കുന്നുവെന്നായിരുന്നു പി ജെ കുര്യനെപ്പോലുള്ള നേതാക്കളുടെ വിമർശം. ഏറെക്കാലത്തിനു ശേഷമാണ്‌ കെപിസിസി സമ്പൂർണ നേതൃയോഗം വിളിച്ചത്‌. പാർലമെന്റ്‌ നടക്കുന്നതിനാൽ മാറ്റിവയ്ക്കണമെന്ന്‌ എംപിമാരും എഐസിസി ജനറൽ സെക്രട്ടറി താരീഖ്‌ അൻവറും ആവശ്യപ്പെട്ടിരുന്നു.

 

എന്നാൽ, ചൊവ്വാഴ്‌ചതന്നെ യോഗം ചേരണമെന്ന്‌ കെ സുധാകരൻ വാശിപിടിക്കുകയായിരുന്നു. കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും ശശി തരൂരുമടക്കമുള്ളവർ ഇല്ലാത്തത്‌ വിമർശത്തിന്റെ മൂർച്ച കുറയ്‌ക്കുമെന്നായിരുന്നു ധാരണ. മാറ്റിവയ്ക്കാനാകാത്ത ഒരു കാര്യവും യോഗത്തിൽ ചർച്ചയായില്ലെന്ന്‌ ഷാനിമോൾ ഉസ്‌മാൻ തുറന്നടിച്ചു. കെപിസിസി പ്രസിഡന്റ് ഗ്രൂപ്പിന് അതീതനായിരിക്കണമെന്നും മുതിർന്ന നേതാക്കൾതന്നെ അച്ചടക്കം ലംഘിക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ യോഗത്തിൽ പറഞ്ഞു. സംഘടനാ അച്ചടക്കം അറിയാത്ത തരൂരിനെ വിളിച്ചുവരുത്തി സംസാരിക്കാൻ സുധാകരൻ തയ്യാറാകണമെന്ന്‌ പി ജെ കുര്യൻ ആവശ്യപ്പെട്ടു.

 

നിരന്തരം പ്രശ്‌നമുണ്ടാക്കുന്ന അരിക്കൊമ്പന്മാരെ നിലയ്‌ക്ക്‌ നിർത്തണമെന്നായിരുന്നു കെ മുരളീധരനെയും എം കെ രാഘവനെയും ലക്ഷ്യമിട്ട്‌ അൻവർ സാദത്ത്‌ എംഎൽഎയുടെ പരാമർശം. കെപിസിസി ഓഫീസിലേക്ക്‌ ദിവസവും കല്ലെറിഞ്ഞില്ലെങ്കിൽ ചില നേതാക്കൾക്ക്‌ ഉറക്കം വരില്ലെന്ന്‌ എം എം നസീർ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട രൂക്ഷവിമർശങ്ങളുമുണ്ടായി. അവസാനം ‘ആർക്കും വേണ്ടെങ്കിൽ തനിക്കും പുനഃസംഘടന വേണ്ടെ’ന്ന്‌ സുധാകരന്‌ കൈകൂപ്പി പറയേണ്ടിവന്നു. കൂടെ നിന്ന്‌ അട്ടിമറിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements