സംഘർഷത്തിനൊടുവിൽ കൊയിലാണ്ടിയിൽ ബസ്സുടമകളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു
സംഘർഷത്തിനൊടുവിൽ കൊയിലാണ്ടിയിൽ ബസ്സുടമകളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു. കണ്ടക്ടറെ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് ഇന്ന് കാലത്തുമുതലാണ് ബസ്സുടമകൾ മുന്നറിയിപ്പില്ലാതെ പണിമുടക്ക് പ്രഖ്യാപിച്ചത്. ബസ്സ് കണ്ടക്ടർ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അതിനെ തുടർന്നാണ് അറസ്റ്റ് ഉൾപ്പെടെ നടന്നത്. തുടർന്ന് എം.എൽ.എ. കാനത്തിൽ ജമീല വിളിച്ചു ചേർത്ത യോഗത്തിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. തൽക്കാലം സമരം പിൻവലിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും എല്ലാ തൊഴിലാളി സംഘടനകളെയും ബസ്സുടമകളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. ഇതോടെ സമരം പിൻവലിക്കുകയാണന്നും തൊഴിലാളികളും ഉടമകളും വ്യക്തമാക്കി.

എം.എൽ.എ.യുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകളുടെയും ബസ്സുടമകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം എം.എൽ.എ ഓഫീസിൽ വിളിച്ചു ചേർത്ത് ചർച്ച നടത്തുന്നതിനിടെ പുറത്തുള്ള സമരാനുകൂലികൾ ദീർഘദൂര ബസ്സുകൾ തടയാൻ ശ്രമം ആരംഭിച്ചതോടെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തി. അത് ഏറെ നേരം ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സംഘാർഷാവസ്ഥ സൃഷ്ടിച്ചു. ഡിവൈഎഫ്ഐ ഇടപെടലിനെ തുടർന്ന് ദീർഘദൂര ബസ്സുകൾ സ്റ്റാൻ്റിലേക്ക് കയറ്റി ആളുകളെ എടുക്കാൻ തയ്യാറായി. പെരുവഴിയിലായ നാട്ടുകാരും ഒടുവിൽ സമരക്കാർക്കെതിരെ രംഗത്തുവരികയായിരുന്നു. സമരത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. രാവിലെ മുതൽ വിവിധ ആവശ്യങ്ങൾക്കായി ഇറങ്ങിയ ആളുകൾ പെരുവഴിയിലായതോടെ നാട്ടൂകാരും ബസ്സുടമകൾക്കെതിരായി.


സമരം 12 മണിക്ക് പിൻവലിച്ചെങ്കിലും ഒരു സംഘടനയിലും പെടാത്ത ചില തൊഴിലാളികൾ തീരുമാനം അംഗീകരിക്കില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നതിനെതുടർന്ന് വീണ്ടും പ്രശ്നങ്ങൾ സങ്കീർണ്ണമാകുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സേനയും ജോയിൻ്റ് ആർ.ടി.ഒ.യും രംഗത്തെത്തി ബസ്സുടമകൾക്ക് കർശന നിർദ്ദേശം നിൽകി. തീരുമാനിച്ച പ്രകാരം ഉടൻ ബസ്സ് സർവ്വീസ്ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം നടപടിയിലേക്ക് കടക്കുമെന്ന മുന്നറിയിപ്പു നൽകി. തുടർന്നാണ് ബസ്സുകൾ വീണ്ടും സർവ്വീസ് ആരംഭിച്ചത്. മർദ്ദിച്ച എസ്ഐ.ക്കെതിരെ പരാതി ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന എംഎൽഎ നേരത്തെ ഉറപ്പ് നൽകുകയുണ്ടായി.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സിപിഐഎം ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, കോൺഗ്രസ്സ് ജനറൽ സെക്രട്ടരി രാജേഷ് കീഴരിയൂർ, ജോയിൻ്റ് ആർ.ടി.ഒ, സിഐടിയു നേതാവ് സി. അശ്വനിദേവ്, ബിജു കളത്തിൽ, ബസ്സ് ഓണേഴ്സ് അസോസിയേഷൻ നേതാക്കൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.





