KOYILANDY DIARY.COM

The Perfect News Portal

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആകാശത്തിന് താഴെയുളള എല്ലാ വിഷയങ്ങളും ചർച്ചയാവും; മന്ത്രി മുഹമ്മദ് റിയാസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകാശത്തിന് താഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മത്സര ചിത്രം വളരെ വ്യക്തമാണ്. പൊതുവെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തും ലോകത്തും നടക്കുന്ന സംഭവവികാസങ്ങള്‍ക്കൊപ്പം ആകാശത്തിന് താഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തെറ്റായ പ്രചരണത്തില്‍ പെട്ടുപോയി. അന്ന് വോട്ടര്‍മാരെ രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങളും സ്വാധീനിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ജയം കേരളത്തിലും വലിയ ക്യാമ്പയിനായി മാറി. എന്നാല്‍ 2024ലെ സ്ഥിതി വേറെയാണ്. ഹിമാചല്‍പ്രദേശിലെ രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്ത് ബിജെപിയെ വിജയിപ്പിച്ചു. തന്റെ കൂടെ രാത്രി ഭക്ഷണം കഴിച്ചവരാണ് വോട്ട് മാറ്റി ചെയ്തതെന്നാണ് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയും ദേശീയ നേതാവുമായ അഭിഷേക് സിംഗ്വി പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അവരുടെ എംഎല്‍എമാരുടെ മനസ് അറിയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്- മന്ത്രി പറഞ്ഞു.

 

റിസോര്‍ട്ടിന്റെ രാഷ്ട്രീയം രാജ്യം മറക്കില്ല. ഏറ്റവും കൂടുതല്‍ കാലം റിസോര്‍ട്ടില്‍ കഴിഞ്ഞത് കോണ്‍ഗ്രസ് എംഎല്‍എമാരായിരിക്കും. അത് ഇന്ത്യാ രാജ്യത്താണ്. ഇന്ത്യയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിവിധ സംസ്ഥാനങ്ങളില്‍ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബിജെപിയുടെ ചാരപ്പണിയെടുക്കുന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിലും ഉണ്ട്. ഇത് തുടരുകയാണ്. കേരളത്തില്‍ മഹാ ഭൂരിപക്ഷവും ബിജെപി വിരുദ്ധ മനസുള്ളവരാണ്. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് മലയാളിയുടെ മനസില്‍ ഒരു പോസ്റ്റര്‍ പതിയുന്നത് പോലെ പതിഞ്ഞുവെന്നും മന്ത്രി റിയാസ് പറഞ്ഞു.

Advertisements
Share news