KOYILANDY DIARY

The Perfect News Portal

സുപ്രീംകോടതി റദ്ദാക്കുന്നതിന്‌ ആഴ്‌ചകൾക്കുമുമ്പ്‌ കേന്ദ്ര സർക്കാർ അച്ചടിച്ചത് 8350 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ

ന്യൂഡൽഹി: ഭരണഘടനാവിരുദ്ധമെന്നു കണ്ട്‌ സുപ്രീംകോടതി റദ്ദാക്കുന്നതിന്‌ ആഴ്‌ചകൾക്കുമുമ്പ്‌ കേന്ദ്ര സർക്കാർ അച്ചടിച്ചത് 8350 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ. ഒരു കോടി മൂല്യമുള്ള 8350 ഇലക്ടറൽ ബോണ്ടുകളാണ്‌ ഡിസംബർ 29 മുതൽ ഈ മാസം 15 വരെയുള്ള കാലയളവിൽ കേന്ദ്ര സർക്കാർ അടിച്ചിറക്കിയതെന്ന്‌ ധനമന്ത്രാലയം വിവരാവകാശ നിയമപ്രകാരം അറിയിച്ചു. 

ഈ മാസം 15നാണ്‌ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ ഇലക്ടറൽ ബോണ്ട്‌ പദ്ധതി റദ്ദാക്കിയത്‌. കോർപറേറ്റ്‌ സ്ഥാപനങ്ങളിൽനിന്ന്‌ സ്രോതസ്സ്‌ വെളിപ്പെടുത്താതെ രാഷ്ട്രീയ പാർടികൾക്ക്‌ ധനം സമാഹരിക്കാൻ സഹായിക്കുന്ന പദ്ധതി സത്യസന്ധ്യവും സുതാര്യവുമായ തെരഞ്ഞെടുപ്പെന്ന സങ്കൽപ്പം അട്ടിമറിക്കുന്നതായി ഭരണഘടനാബെഞ്ച്‌ ചൂണ്ടിക്കാണിച്ചിരുന്നു. 2018ൽ പദ്ധതി തുടങ്ങിയശേഷം കേന്ദ്ര സർക്കാർ 35,660 കോടി രൂപ മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകൾ ഇറക്കിയതിൽ 16,518 കോടിയുടെ ബോണ്ടുകൾ വിറ്റഴിച്ചതായാണ്‌ കണക്കുകൾ. ഇലക്ടറൽ ബോണ്ടുവഴി സമാഹരിച്ച ഫണ്ടിന്റെ പകുതിയിലധികവും ബിജെപിക്കാണ്‌ ലഭിച്ചത്‌.

 

തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയ കണക്ക്‌ പ്രകാരം 2017 മുതൽ 2023 വരെയുള്ള കാലയളവിൽ ബിജെപിയിലേക്ക്‌ ഒഴുകിയത്‌ 6565 കോടി രൂപയാണ്‌. കോൺഗ്രസിന്‌ ഇലക്ടറൽ ബോണ്ടിലൂടെ 1123 കോടിയും ലഭിച്ചു. 2019 ഏപ്രിൽ 12 മുതൽ ഇലക്ടറൽ ബോണ്ടിലൂടെ ഓരോ പാർടിയും സമാഹരിച്ച ഫണ്ടിന്റെ മുഴുവൻ വിശദാംശങ്ങൾ മാർച്ച്‌ 13നുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിടാൻ തെരഞ്ഞെടുപ്പ്‌ കമീഷന്‌ സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്‌. ഇലക്ടറൽ ബോണ്ടിലൂടെ ഒരു രൂപപോലും സംഭാവന വേണ്ടെന്നുവെച്ച്‌ സിപിഐ എം നടത്തിയ നിയമപോരാട്ടമാണ്‌ സുപ്രീംകോടതിയുടെ നിർണായകവിധിക്ക്‌ വഴിയൊരുക്കിയത്‌.

Advertisements