KOYILANDY DIARY

The Perfect News Portal

മദ്യവിപത്തും ബോധവല്കരണ വിഷയമാക്കണം. മദ്യ നിരോധന സമിതി

കൊയിലാണ്ടി: സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവല്കരണ പരിപാടികളിൽ മദ്യവിപത്തു കൂടി ഉൾപ്പെടുത്തണമെന്ന് മദ്യ നിരോധന സമിതി സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടിയ അളവിൽ ഉപയോഗിക്കപ്പെടുന്നതും ഏറ്റവും കുടുതൽ ആളുകൾ ഉപയോഗിക്കുന്നതുമായ ലഹരിവസ്തു മദ്യമാണ്.
വർഷം 15000 കോടിയിലേറെ രൂപയുടെ മദ്യമാണ് അംഗീകൃത മദ്യശാലകളിലൂടെ മാത്രം വില്ക്കുന്നത്. കൊലപാതകങ്ങൾ, പോലീസ് കേസുകൾ, വാഹനാപകടങ്ങൾ, കുടുംബത്തകർച്ചകൾ, വിവാഹ മോചനങ്ങൾ, ആത്മഹത്യകൾ – ഇവയ്ക്കെല്ലാം കാരണമാകുന്ന മുഖ്യ ലഹരി വസ്തുവും മദ്യംതന്നെ. മദ്യവിപത്ത് നിസ്സാരീകരിച്ചു കൊണ്ടുള്ള ലഹരി വിരുദ്ധ പോരാട്ടം ഫലം നല്കില്ല.
പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനുള്ള അനുമതി, നിലവിൽ മദ്യപിക്കാത്തവരെ – മുഖ്യമായും സ്ത്രീകളെ – മദ്യത്തിലേയ്ക്ക് ആകർഷിക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ തീരുമാനമാണ്. സർക്കാർ അത് തിരുത്തണം.
സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ഡോ. വിൻസെൻ്റ് മാളിയേക്കൽ, ബി. ആർ. കൈമൾ കരുമാടി, ശശി വയനാട്, ടി ചന്ദ്രൻ കണ്ണൂർ, ഇസാബിൻ അബ്ദുൾ കരീം, ഖദീജ നർഗീസ്, ആന്റണി പന്തല്ലൂക്കാരൻ, പാസ്റ്റർ ജോസഫ് അമ്പാട്ട്, മജീദ് മാടമ്പാട്ട്, പപ്പൻ കന്നാട്ടി, സിൽബി ചുനയംമാക്കൽ, വെളിപാലത്ത് ബാലൻ, എ.കെ. സുൽത്താൻ, റോയി ജോർജ്ജ്, എ. രഘു മാസ്റ്റർ, ഈപ്പൻ കരിയാറ്റിൽ, പി.വി. സന്തോഷ്, മുഹമ്മദ് ഫസൽ, കെ.പ്രകാശൻ, വിജയൻ എം, അഷറഫ് മമ്പറം തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ ആദ്യം, 50 ദിവസം നീണ്ട സംസ്ഥാന ജാഥ ആരംഭിക്കുവാനുളള എക്സിക്യൂട്ടീവ് നിർദ്ദേശം കൗൺസിൽ അംഗീകരിച്ചു. ഓരോ ജില്ലയിലെയും ജാഥാ ദിവസങ്ങളും റൂട്ടും ജാഥയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളുടെ വിശദാംശങ്ങളും നവംബർ 15ന് മുമ്പ്, തൃശൂർ സെൻതോമസ് കോളേജിൽ വെച്ച് ചേരുന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ റിപ്പോർട്ടു ചെയ്യാമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു. മുൻ നിശ്ചയ പ്രകാരം നവംബർ 1ന് മലപ്പുറത്തും 6 ന് ആലപ്പുഴയിലും 12 ന് തൃശൂരിലും ജില്ലാ പ്രവർത്തക കൺവൻഷനുകൾ ചേരും.