KOYILANDY DIARY

The Perfect News Portal

അക്ഷയ തൃതീയ നാള്‍ വന്നടുത്തു. എന്തുകൊണ്ട് അക്ഷയ തൃതീയ നാളില്‍ സ്വര്‍ണം വാങ്ങുന്നു?

അക്ഷയ തൃതീയ നാള്‍ വന്നടുത്തു. അക്ഷയ തൃതീയ എന്നുകേള്‍ക്കുമ്പോള്‍ തന്നെ സ്വര്‍ണം വാങ്ങുന്ന കാര്യമാണ് മിക്കവര്‍ക്കും ഓര്‍മ വരിക. ജ്വല്ലറികളുടെ ഉള്‍പ്പെടെ പരസ്യ വിപണിയില്‍ പോലും അക്ഷയ തൃതീയ ദിനം ആഘോഷിക്കപ്പെടാറുണ്ട്. എന്തിനാണ് ഈ ദിനത്തില്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നത്? അക്ഷയ തൃതീയ നാളില്‍ വാങ്ങുന്ന സമ്പത്ത് ഐശ്വര്യം വര്‍ധിപ്പിക്കുമെന്ന വിശ്വാസം ആളുകള്‍ക്കിടയിലുണ്ട്. ഈ ദിവസത്തില്‍ ജ്വല്ലറികളിലും മറ്റും അനുഭവപ്പെടുന്ന വലിയ തിരക്കാണ് ഇതിന് തെളിവ്.(Why people bought Gold on Akshaya Tritiya Day)

അക്ഷയ തൃതീയ നാളിലെ വിശ്വാസവും സ്വര്‍ണം വാങ്ങലും

അക്ഷയ തൃതീയ നാളില്‍ സ്വര്‍ണം വാങ്ങാത്തവര്‍ വളരെ വിരളമാണ്. അക്ഷയ തൃതീയ ശുഭകരമായ ദിനമായി കണക്കാക്കപ്പെടുന്നതിനാല്‍, പലരും ഈ ദിവസം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നു. ഈ ദിവസം വിലയേറിയ ലോഹങ്ങള്‍ വാങ്ങുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നും ആളുകള്‍ വിശ്വസിക്കുന്നു.

Advertisements

സുവര്‍ണ കാലഘട്ടത്തിന്റെ തുടക്കമായാണ് അക്ഷയ തൃതീയയെ വിശ്വാസികള്‍ കാണുന്നത്. അക്ഷയ തൃതീയയില്‍ ചന്ദ്രന്റെയും എല്ലാ ഗ്രഹങ്ങളുടെയും അധിപനായി കരുതപ്പെടുന്ന സൂര്യന്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രകാശത്തിലാണെന്നും ഇത് വിവാഹമുള്‍പ്പെടെയുള്ള മംഗള കാര്യങ്ങള്‍ക്ക് അനുകൂലമാണെന്നും കരുതപ്പെടുന്നു.

സ്വര്‍ണം വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനും പറ്റിയ ദിവസമെന്ന് കരുതപ്പെടുന്ന അക്ഷയ തൃതീയ, ഇന്ത്യയിലെ ജൈന സമൂഹത്തിന് വളരെ പ്രധാനമാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അയോധ്യയിലെ രാജാവായിരുന്ന ഋഷഭദേവന് സമര്‍പ്പിക്കാന്‍ അയോധ്യയില്‍ നിന്നുള്ള ഭക്തര്‍ സ്വര്‍ണവും ആഭരണങ്ങളും വാങ്ങിയത് ഈ ദിവസമാണെന്നാണ് ഐതിഹ്യം. മറ്റൊരു വിശ്വാസമനുസരിച്ച് അക്ഷയ തൃതീയ നാളിലാണ് കുബേരനെ സ്വര്‍ഗത്തിന്റെ സമ്പത്തിന്റെ സൂക്ഷിപ്പുകാരനാക്കിയതെന്നും ഈ ദിവസം തന്നെ സ്വര്‍ണം വാങ്ങുകയും കുബേരനെ ആരാധിക്കുകയും ചെയ്യുന്നത് ഐശ്വര്യം നല്‍കുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.