KOYILANDY DIARY

The Perfect News Portal

ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ.കെ.എസ്‌ മാർച്ച്.

ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ.കെ.എസ്‌ മാർച്ച് നടത്തി. കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിെരെ നടപടി സ്വീകരിക്കണെമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട്‌  മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിേലേക്ക് എ.കെ.എസ്‌ നേതൃത്വത്തിൽ മാർച്ച് നടത്തി. സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്‌തു. എ.കെ.എസ് ജില്ലാ സെക്രട്ടറി ശ്യാം കിഷോർ, പ്രസിഡണ്ട് ബാബു എന്നിവർ സംസാരിച്ചു.

മോഷണം നടത്തിയെന്നു പറഞ്ഞ് ആശുപത്രി സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു.  ഇതനുസരിച്ച്‌ സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളേജ് സി.ഐ ബെന്നി ലാലുവിൻ്റെ നേത്യത്വത്തിൽ  ചോദ്യംചെയ്തിരുന്നു. ആശുപത്രി മുറ്റത്ത് എല്ലാവരും പായവിരിച്ച് കിടക്കുന്ന സമയമായതിനാൽ മറ്റ് ബഹളമൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റ്‌ രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു. സുരക്ഷാ ജീവനക്കാരുടെ സമീപത്തു നിന്ന്‌ പുറത്തേക്കോടുന്നത്‌ പലരും കണ്ടതാണ്‌. ഗെയിറ്റിൽ വന്ന് വാർഡിലേക്ക് പോകണമെന്ന് വാശി പിടിച്ചപ്പോൾ അമ്മയെ വിളിച്ചു വരുത്തിയെന്നും അമ്മ പോയിക്കഴിഞ്ഞതിനു ശേഷം മുറ്റത്തുകൂടി അസ്വസ്ഥനായി നടന്ന് പുറത്തേക്കോടി എന്നുമാണ് സുരക്ഷാ ജീവനക്കാർ പറയുന്നത്. ഓടുമ്പോൾ വീണു പോയ ഫോണും ബാഗും അമ്മയെ വിളിച്ചേൽപ്പിച്ചതായും ഇവർ പറയുന്നു.

ബുധനാഴ്ചയാണ് വിശ്വനാഥൻ്റെ ഭാര്യ ബിന്ദു പ്രസവിച്ചത്. വിവാഹം കഴിഞ്ഞ് 18 വർഷത്തിനു ശേഷമാണ് കുഞ്ഞ് ജനിച്ചത്. ഇതിൻ്റെ സന്തോഷത്തിലായിരുന്നു വിശ്വനാഥനെന്ന് ബന്ധുക്കൾ പറഞ്ഞു.  കാണാതായത്‌ സംബന്ധിച്ച്‌  പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന്‌ വിശ്വനാഥൻ്റെ പേരിൽ പരാതിയുണ്ടന്ന് പൊലീസ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യാൻ വിശ്വനാഥനെ പ്രേരിപ്പിച്ച സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Advertisements