KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി.

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. മലപ്പുറം: ജിദ്ദയില്‍ നിന്നും ദുബായില്‍ നിന്നുമായി കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 97 ലക്ഷം രൂപയുടെ 24 കാരറ്റ് സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ജിദ്ദയില്‍ നിന്നും വന്ന കര്‍ണ്ണാടക  മടികേരി സ്വദേശി റസീഖ് (28), ദുബായില്‍ നിന്നും വന്ന വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം (50) എന്നിവരെ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടി. റസീഖില്‍ നിന്നും ശരീരത്തിലൊളിപ്പിച്ച നിലയില്‍ 1191 ഗ്രാം തൂക്കം വരുന്ന 4 കാപ്‌സ്യൂളുകളും, ഇബ്രാഹിമില്‍ നിന്ന് 483 ഗ്രാം തൂക്കം വരുന്ന 2 കാപ്‌സ്യൂളുകളുമാണ് പൊലീസ് കണ്ടെടുത്തത്.

എയര്‍ കസ്റ്റംസ് അവലംബിക്കുന്ന വിവിധ പരിശോധനളെയും കസ്റ്റംസ് ഉദ്യോഗസ്ഥരെയും നിഷ്പ്രയാസം മറികടന്നാണ് രണ്ട് കാരിയര്‍മാരും എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ. പി. എസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് യാത്രക്കാരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. റസീഖിനേയും ഇബ്രാഹിമിനേയും വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളവരെ  കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പോലീസ് അറിയിച്ചു.