KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നയം അവസാനിപ്പിക്കണമെന്ന്‌ എകെജിസിടി

കണ്ണൂർ: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നയം അവസാനിപ്പിക്കണമെന്ന്‌ എകെജിസിടി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വായ്പാവകാശവും കടമെടുപ്പുപരിധിയും ഏകപക്ഷീയമായി വെട്ടിക്കുറച്ചും ജിഎസ്ടി വിഹിതവും യുജിസി ഏഴാം ശമ്പളപരിഷ്കരണ കുടിശ്ശികയും വിവിധ ജനരക്ഷാ പദ്ധതികളുടെ പണവും നൽകാതെ കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ തള്ളിയിടുകയാണ്‌. സംസ്ഥാന സർക്കാരിനെതിരെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളിൽ സമ്മേളനം പ്രതിഷേധിച്ചു. 

വിദ്യാഭ്യാസ സമ്മേളനം വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. ‘കിത്താബ് ഖാന’ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽനിന്ന് എഴുത്തുകാരി ആർ രാജശ്രിയുടെ നേതൃത്വത്തിൽ സമാഹരിച്ച പുസ്തകങ്ങൾ ജനറൽ സെക്രട്ടറി ഡോ. ടി മുഹമ്മദ് റഫീഖ്‌ കൈമാറി. എകെജിസിടി മുഖപത്രമായ ‘സംഘശബ്ദം’ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സാഹിത്യമത്സരത്തിലെ വിജയികൾക്ക്‌ സമ്മാനം നൽകി. ഡോ. എം എ അസ്കർ വിജയികളെ പരിചയപ്പെടുത്തി.

 

‘ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങൾ’ വിഷയത്തിൽ ഡോ.കെ എൻ ഗണേഷ് മുഖ്യ പ്രഭാഷണം നടത്തി. എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ.സി പത്മനാഭൻ, എഫ്‌യുടിഎ വൈസ് പ്രസിഡന്റ്‌ ബി എസ് ഹരികുമാരൻതമ്പി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ സംസാരിച്ചു. സന്തോഷ് ടി വർഗീസ് അധ്യക്ഷനായി. ഡോ. പി ആർ പ്രിൻസ് സ്വാഗതവും ഡോ.എം എസ് മുരളി നന്ദിയും പറഞ്ഞു. നിജി, ഡോ. എ വി പ്രദീപ്, ഡോ. കെ ഡി ഷിജു, ഡോ. മനോമോഹൻ ആന്റണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. പി ആർ പ്രിൻസ് ക്രെഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡോ. പി എച്ച്‌ ഷാനവാസ് നന്ദി പറഞ്ഞു.

Advertisements