കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇയിലെ റാസ് അൽ ഖൈമ എയർപോർട്ടിലേക്ക് പുതിയ സർവീസ് തുടങ്ങി. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണുള്ളത്. ചൊവ്വ, ബുധൻ വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. റാസ് അൽ ഖൈമയിലേക്കുള്ള ആദ്യ വിമാന സർവീസിലെ യാത്രക്കാരിയെ കിയാൽ മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ ബോർഡിങ് പാസ്സ് നൽകി സ്വീകരിച്ചു.

വിമാന കമ്പനി അധികൃതരും കിയാൽ അധികൃതരും ചേർന്ന് റാസ് അൽ ഖൈമയിലേക്കുള്ള യാത്രക്കാർക്ക് മധുരം നൽകി. ആദ്യ ഫ്ളൈറ്റിൽ 186 യാത്രക്കാരാണുണ്ടായിരുന്നത്.സൗദി അറേബ്യയിലെ ദമാം എയർപോർട്ടിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തുടങ്ങി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ ആണുള്ളത്.

ഇത് കൂടാതെ അബുദാബിയിലേക്കും മസ്കറ്റിലേക്കും ഈ മാസം മുതൽ സർവീസുകൾ കൂട്ടിയിട്ടുണ്ട്. ഏറ്റവും ആധുനികവും പുതിയതുമായ ബോയിങ് 737 മാക്സ് വിമാനങ്ങൾ ആണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസുകൾക്കായി ഉപയോഗിക്കുന്നത്. കിയാലുമായി ഉണ്ടാക്കിയ കരാർ പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ എയർപോർട്ടുകളിലേക്ക് കണ്ണൂരിൽ നിന്നും സർവീസ് തുടങ്ങാനും പദ്ധതിയുണ്ട്.

