കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയിൽ പള്ളിപ്പറമ്പിൽ ഡെന്നി സാമിന്റെ വീട്ടിലെ എസിയാണ് പൊട്ടിത്തെറിച്ചത്. വീട്ടിലുള്ളവർ പള്ളിയിൽ പോയിരുന്ന സമയത്താണ് അപകടമുണ്ടായത്.

വലിയ ശബ്ദത്തോടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു. വീട്ടിനുള്ളിൽ മുഴുവൻ പുക നിറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ശാസ്താംകോട്ട ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

