KOYILANDY DIARY

The Perfect News Portal

അഭിമന്യു കൊലക്കേസ്; രേഖകളുടെ ശരിപ്പകർപ്പിൻ്റെ ആധികാരികത 30നകം പരിശോധിക്കണം

കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ ശരിപ്പകർപ്പിന്റെ ആധികാരികത പ്രതിഭാഗം 30ന്‌ പരിശോധിക്കണമെന്ന്‌ ഹൈക്കോടതി. നഷ്ടപ്പെട്ട രേഖകളുടെ ശരിപ്പകർപ്പ്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഇതിന്റെ ആധികാരികത പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ തുടർന്നാണ്‌ കോടതി അനുമതി നൽകിയത്‌.

പ്രതിഭാഗം ഉന്നയിച്ച ആക്ഷേപത്തിൽ കോടതി വാദം കേട്ടു. 30ന് പകൽ 2.30നകം പ്രതിഭാഗത്തിന്റെ പക്കലുള്ള രേഖകളുമായി പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ ഒത്തുനോക്കണം. വ്യത്യാസമുണ്ടെങ്കിൽ അറിയിക്കാം. രേഖകളുടെ പകർപ്പ്‌ ഒരു പ്രതി വാങ്ങിയിരുന്നില്ല. ആ രേഖകൾ ഇപ്പോഴും കോടതിയുടെ കൈവശമുണ്ട്. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ ആ പകർപ്പുമായും ഒത്തുനോക്കാമെന്ന്‌ കോടതി പറഞ്ഞു. കേസ് ഏപ്രിൽ രണ്ടിന് വീണ്ടും പരിഗണിക്കും. 

കേസുമായി ബന്ധപ്പെട്ട 13 രേഖകളാണ് കാണാതായിരുന്നത്. 2018 സെപ്തംബർ 26നാണ് പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചത്. 2019 ജനുവരിയിൽ രേഖകൾ നഷ്ടമായതെന്നാണ്‌ സൂചന. 2023ലാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് രേഖകളുടെ പകർപ്പ് വീണ്ടും സമർപ്പിക്കാൻ നിർദേശിച്ചത്.

Advertisements