KOYILANDY DIARY.COM

The Perfect News Portal

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതി പിടിയിൽ

ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതി പിടിയിൽ. ആലപ്പുഴ നഗരസഭ സനാതനപുരം വാർഡിൽ ചിറവീട്ടിൽ ശ്രുതിമോൾ (24) ആണ്‌ പുന്നമടയിലെ റിസോർട്ടിൽനിന്ന്‌ അറസ്‌റ്റിലായത്‌. ആലപ്പുഴ സ്വദേശികളായ രണ്ടുപേരിൽ നിന്നായി എട്ടുലക്ഷം രൂപയോളം തട്ടിയ കേസിലാണ്‌ ആലപ്പുഴ സൗത്ത് പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. വിവിധ സ്ഥലങ്ങളിലായി 30 പേരിൽനിന്ന്‌ ഇവർ പണം തട്ടിയതായാണ്‌ വിവരം.

കൂടുതൽ പേർ വരുംദിവസങ്ങളിൽ പരാതിപ്പെടുമെന്ന്‌ പൊലീസ്‌ കരുതുന്നു. പട്ടാളത്തിലാണ് ജോലിയെന്ന് പരാതിക്കാരെ വിശ്വസിപ്പിച്ച് പകുതി പണം നാട്ടിൽവച്ചും ബാക്കി തുക ഡൽഹിയിലേക്കും മറ്റുസ്ഥലങ്ങളിലേക്കും വിളിച്ചുവരുത്തി പട്ടാള വേഷത്തിൽവന്ന് വാങ്ങിയുമാണ്‌ തട്ടിപ്പുരീതി.

പണം നൽകിയവർക്ക്‌ ജോലി കിട്ടാത്തതിനാൽ പരാതിപ്പെടുകയായിരുന്നു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുന്നതായി പൊലീസ്‌ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. ഐഎസ്‌എച്ച്‌ഒ എസ്‌ അരുണിന്റെ നേതൃത്വത്തിൽ എസ്ഐ വി ഡി റജിരാജ്, എഎസ്ഐ മോഹൻകുമാർ, ബി ലേഖ, എസ്‌സിപിഒ ബിനോജ്, സിപിഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരുടെ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Advertisements

 

Share news