കൊയിലാണ്ടി ചേമഞ്ചേരിയിൽ കനത്ത ചൂടിൽ കറവപ്പശു കുഴഞ്ഞു വീണു ചത്തു.

കൊയിലാണ്ടി: ചേമഞ്ചേരിയിൽ വേനൽചൂട് സഹിക്കാൻ കഴിയാതെ കറവപ്പശു കുഴഞ്ഞു വീണു ചത്തു. ചേമഞ്ചേരി കക്കാട്ട് മാലതിയുടെ പശുവാണ് ഇന്നലെ പുലർച്ചെ ചത്തത്. വ്യാഴാഴ്ച പറമ്പിൽ കെട്ടിയ പശുവിന് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ കൊടുത്തിരുന്നു. എങ്കിലും രാത്രിയോടെ വീണ്ടും അസ്വസ്തയുണ്ടാവുകയും പുലർച്ചെയോടെ ചാവുകയും ചെയ്തു.

പശു വളർത്തലിലൂടെ ജീവിതമാർഗം കണ്ടെത്തുന്ന കർഷക കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമാണ് ഇതോടെ നഷ്ടമായത്. ഒരു ലക്ഷം രൂപയോളം കൊടുത്ത് ഒരു മാസം മുമ്പാണ് ഈ കറവപ്പശുവിനെ ഇവർ വാങ്ങിയത്. എന്നാൽ പശുവിൻ്റെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന് വെറ്ററിനറി ഡോ. ഷനോജ് പറഞ്ഞു.
