KOYILANDY DIARY

The Perfect News Portal

ഷെയർ ട്രേഡിങ്ങിൽ ഉയർന്ന ലാഭം വാഗ്ദാനംചെയ്ത് 25 കോടി തട്ടിയയാൾ അറസ്റ്റിൽ

കൊച്ചി: ഷെയർ ട്രേഡിങ്ങിൽ ഉയർന്ന ലാഭം വാഗ്ദാനംചെയ്ത് നൂറിലധികം പേരിൽ നിന്നായി 25 കോടിയോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കണ്ണൂർ കൂവേരി എൽപി സ്‌കൂളിനുസമീപം കല്ലൂർവീട്ടിൽ (ഇപ്പോൾ കണ്ണൂർ ചിറയ്ക്കൽ പുതിയ തെരുവിലെ അപ്പാർട്ട്‌മെന്റിൽ താമസം) സുനീഷ് നമ്പ്യാരെയാണ് (46) കൊച്ചി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റ് ചെയ്‌തത്‌. ‘നാം ഇൻഡെക്‌സ് ഡെറിവേറ്റീവ്‌സ്’ എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തായിരുന്നു തട്ടിപ്പ്.

Advertisements

ഷെയർ ട്രേഡിങ്‌ ബിസിനസ്‌ നടത്തുന്ന സ്ഥാപനമാണിതെന്നും ഷെയർ മാർക്കറ്റിൽ വിദഗ്‌ധനാണെന്നും ലണ്ടനിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്തിരുന്നുവെന്നും ആളുകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌. നിക്ഷേപിക്കുന്ന തുകയ്ക്ക് 25 മുതൽ 30 ശതമാനംവരെ വാർഷികലാഭവും വാഗ്ദാനം ചെയ്തു. ഗൾഫിൽ ജോലിയുണ്ടായിരുന്ന രണ്ടുപേരാണ് ആദ്യം തട്ടിപ്പിനിരയായത്.

 

നിക്ഷേപത്തിന് ഉയർന്ന ലാഭവിഹിതം നൽകി അവർവഴി ഗൾഫിലുള്ള നൂറിൽപ്പരം ആളുകളെ കബളിപ്പിച്ചു. ഡോക്ടർമാർ, വ്യവസായികൾ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ തട്ടിപ്പിനിരയായി. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എറണാകുളം മേഖല എസ്‌പി എ ജി ലാൽ, ഡിവൈഎസ്‌പി വി റോയ് എന്നിവരുടെ നേതൃത്വത്തിൽ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ടി എം സൂഫി, എസ്ഐമാരായ പി ഇ സാജു, അബ്ദുൾ നാഷർ, എഎസ്ഐ വി ജി രാജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements