KOYILANDY DIARY

The Perfect News Portal

മുഴുവൻ വിഷയങ്ങളിലും A+, പരീക്ഷാഫലം അറിയാൻ കാത്തു നിൽക്കാതെ സാരംഗ് യാത്രയായി

മുഴുവൻ വിഷയങ്ങളിലും A+, പരീക്ഷാഫലം അറിയാൻ കാത്തു നിൽക്കാതെ സാരംഗ് യാത്രയായി. പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുമ്പ് മരണത്തിനു കീഴടങ്ങിയ സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ്. എസ്എസ്എൽസി ഫലം കാത്തിരുന്ന സാരംഗിൻ്റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു. കേരളത്തിലെ കുട്ടികൾക്ക് ആകെ ഊർജവും പ്രേരണയും നൽകുന്ന സന്ദേശമാണ് സാംര​ഗിൻ്റേതെന്നും മന്ത്രി പറഞ്ഞു.

വാഹനാപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) പുതുജീവനേകിയത് ആറു പേർക്കാണ്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗ് ഇന്ന് എസ്എസ്എൽസി ഫലം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലായിരുന്നു അപ്രതീക്ഷിത മരണം.

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സാരംഗിൻ്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകൻ്റെ വിയോഗത്തിൻ്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

Advertisements

കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബിനീഷ് കുമാറിൻ്റെയും രജനിയുടെയും മകനാണ് സാരംഗ്. കഴിഞ്ഞ ആറാം തീയതി വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ അപകടം നടക്കുന്നത്. അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.