കാസർകോട് കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കാസർകോട്: കാസർകോട് ചിറ്റാരിക്കാലിൽ വീടിന് സമീപത്തെ കിണറിൽനിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിറ്റാരിക്കാൽ കാരയിലെ കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ ഉടമസ്ഥതയിൽ ഇരുപത്തിയഞ്ചിലുള്ള കിണറിൽനിന്നാണ് അഴുകിയ നിലയിലുള്ള അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്. വസ്ത്രത്തിൽനിന്ന് പാവൽ ചിത്രാടിയിലെ കണ്ടനാമറ്റത്തിൽ കെ എ കുര്യൻ (അനീഷ് –– 42)ന്റെ തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇയാൾ ഉപയോഗിച്ചതെന്ന് കരുതുന്ന പാന്റ്, ഷർട്ട്, കൊന്ത, ചെരുപ്പ്, ചീപ്പ് എന്നിവയും കണ്ടെത്തി. ഇയാളെ ഒന്നരവർഷത്തിലേറെയായി കാണാതായിട്ട്.

അസ്ഥികൂടം ഇയാളുടേതാണെന്നാണ് പ്രാഥമികനിഗമനം. കുര്യന്റെ സഹോദരൻ സന്തോഷ് അവശിഷ്ടങ്ങളോടൊപ്പം കണ്ടെത്തിയ സാധനങ്ങൾ കുര്യന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അസ്ഥികൂടങ്ങൾ ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ഡിവൈഎസ് പി ലതീഷ്, കാസർകോട് സയന്റിഫിക് ഓഫീസർ എം എം ഹരികൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ചിറ്റാരിക്കാൽ എസ്ഐമാരായ കെ ജി രതീഷ്, യു അരുണൻ, എഎഎസ്ഐമാരായ അനിൽ, വി ശ്രീധരൻ എന്നിവർ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.

ചിറ്റാരിക്കാൽ– ചെറുപഴ മലയോര ഹൈവേറോഡിൽ ഇരുപത്തിയഞ്ചിലെ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്താണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെയുള്ള വീട്ടിൽ കൊച്ചുപറമ്പിൽ തോമസാണ് കഴിഞ്ഞ എട്ടുമാസമായി താമസിക്കുന്നത്. ഈ വീടിനോട് ചേർന്നുള്ള കിണറിൽ വെള്ളം കുറഞ്ഞതിനാൽ തൊട്ടടുത്ത ഉപയോഗിക്കാതെ കിടക്കുന്ന കിണറിലെ വെള്ളം മാറ്റി വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ആണ് കിണർ വൃത്തിയാക്കിയത്. എന്നാൽ ടൂർപോയ കെട്ടിട ഉടമസ്ഥൻ ബേബി തിരിച്ചുവന്നശേഷം തിങ്കളാഴ്ച രാവിലെയാണ് പൊലീസിൽ വിവരമറിയിക്കുന്നത്. പൊലീസ് എത്തുമ്പോൾ കിണറിന് സമീപത്തെ തെങ്ങിൻ ചുവട്ടിൽ ഇവ പ്ലാസ്റ്റിക് ചാക്ക് കൊണ്ടുമൂടിയ നിലയിലായിരുന്നു. കിണർ പൂർണ്ണമായും വറ്റിച്ച് വൃത്തിയാക്കിയിരുന്നു.

ഒരു മീറ്ററിലധികം ഉയരത്തിൽ വെള്ളം ഉള്ള കിണർ പൊലീസ് വീണ്ടും വറ്റിച്ച് പരിശോധന നടത്തി. മൃതദേഹം എങ്ങിനെ ഇവിടെ വന്നു എന്നതും മൃതദേഹം കുര്യന്റേത് തന്നെ ആണോ എന്നതും കൂടുതൽ പരിശോധനയിലേ വ്യക്തമാകൂ. പകുതിയോളം ആൾമറയുള്ളതാണ് കിണർ. സമീപത്തുകൂടി മൺറോഡുമുണ്ട്. എന്നാൽ കിണറിന് സമീപത്ത് കൂടി നടപ്പ് വഴിയില്ല.
