KOYILANDY DIARY

The Perfect News Portal

വെളിച്ചെണ്ണ മില്ലിൽ തീപിടുത്തം

വെളിച്ചെണ്ണ മില്ലിൽ തീപിടുത്തം. ബാലുശ്ശേരി: പാലോളി മുക്കിൽ കൊപ്ര ഡ്രയറിനും വെളിച്ചെണ്ണ മില്ലിനും തീപിടിച്ച്‌ വൻ നാശനഷ്ടം. 430 ചാക്ക്‌ കൊപ്രയും രണ്ട് ടണ്ണോളം വെളിച്ചെണ്ണയും കത്തി നശിച്ചു. ഏകദേശം 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് കണക്കാക്കുന്നത്. ഡ്രയറിൽ ഉണക്കാനിട്ട 110 ചാക്ക് കൊപ്രയും ഡ്രയറിനകത്ത് അട്ടിയിട്ടിരുന്ന 320 ചാക്ക് കൊപ്രയുമാണ്‌ കത്തിയത്‌.
മോയങ്ങൽ ബഷീറിൻ്റെ സിൽവർ പ്രൊഡ്യൂസേഴ്സ് എന്ന സ്ഥാപനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ജീവനക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളിക്കത്തുകയായിരുന്നു. തുടർന്ന് നരിക്കുനി, പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റ്  സ്ഥലത്തെത്തി. മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. തീപിടുത്തത്തിൻ്റെ ആഘാതത്തിൽ കെട്ടിടത്തിന് വിള്ളലുണ്ടായി ചുമർ അടർന്നു വീണു.
Advertisements
വെളിച്ചെണ്ണ പ്ലാൻ്റ് പൂർണമായും കത്തി നശിച്ചു. ഖത്തർ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഒർജിൻ വെളിച്ചെണ്ണയാണ് ഇവിടെ  ഉൽപ്പാദിപ്പിക്കുന്നത്. തീയണയ്ക്കുന്നതിനിടയിൽ ചാലുപുറം കണ്ടി ഇക്ബാലിനും മലക്കാരി ബിജുവിനും പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഇൻ ചാർജ് പ്രദീപൻ, പേരാമ്പ്ര അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി. വിനോദ്, നരിക്കുനി അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സജി ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ബാലുശ്ശേരി എസ്.ഐ പി. റഫീക്കിൻ്റെ നേതൃത്വത്തിൽ പൊലീസും രക്ഷാപ്രവർത്തനത്തിനെത്തി. തീ സമീപ പ്രദേശങ്ങളിലേക്ക് പടരാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.