നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ വിശദമായ അവലോകനം നടന്നു: മന്ത്രി ആര് ബിന്ദു

സംസ്ഥാനത്ത് നടപ്പിലാക്കിയ നാല് വര്‍ഷ ബിരുദ കോഴ്സിന്റെ വിശദമായ അവലോകനം നടന്നെന്ന് മന്ത്രി ആര് ബിന്ദു. അക്കാദമിക് കലണ്ടര്‍ തീരുമാനിച്ച ദിവസം തന്നെ പരീക്ഷ നടത്താനും റിസല്‍ട്ട് പബ്ലീഷ് ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ബിരുദ പ്രോഗ്രാമുകളുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് മള്‍ട്ടി ഡിസിപ്ലിനറി കോഴ്സുകളും ഇന്റേണ്‍ഷിപ്പ് പോര്‍ട്ടലും ഉടന്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

സൗജന്യ ഇന്റേണ്‍ഷിപ്പ്, സ്റ്റൈപന്റ് ഇന്റേണ്‍ഷിപ്പ്, പെയിഡ് ഇന്റേണ്‍ഷിപ്പ് എന്നിങ്ങനെയായിരിക്കും ഇന്റേണ്‍ഷിപ്പുകള്‍. അതേസമയം ഒന്ന് – മൂന്ന് സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 3 മുതല്‍ 18 വരെ നടത്തുമെന്നും ഫലപ്രഖ്യാപനം ഡിസംബര്‍ 15 നകം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാല് വര്‍ഷ ബിരുദം മോണിറ്റര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. എന്‍.സി.സി- എന്‍.എസ്.എസ് സംവിധാനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വാല്യു ആഡഡ് കോഴ്സ് എന്ന നിലയില്‍ പരിഗണിച്ച് ക്രെഡിറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍, കുസാറ്റ് വൈസ് ചാന്‍സലര്‍, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍, വിവിധ സര്‍വകലാശാലാ രജിസ്ട്രാര്‍മാര്‍, പരീക്ഷാ കണ്ട്രോളര്മാര്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തം അവലോകനത്തില്‍ ഉണ്ടായതായും മന്ത്രി വ്യക്തമാക്കി.

