KOYILANDY DIARY.COM

The Perfect News Portal

കോണ്‍ക്രീറ്റ് മിക്‌സിങ്ങ് യന്ത്രത്തില്‍ വീണ് 19-കാരന് ദാരുണാന്ത്യം.

കോണ്‍ക്രീറ്റ് മിക്‌സിങ്ങ് യന്ത്രത്തില്‍ വീണ് 19-കാരന് ദാരുണാന്ത്യം. തൃശ്ശൂര്‍: ബിഹാര്‍ സ്വദേശിയായ വര്‍മാനന്ദകുമാറാണ് മരിച്ചത്. തൃശ്ശൂര്‍ റൂട്ടില്‍ റോഡുപണി ചെയ്യുന്ന അറ്റ്‌കോണ്‍ കമ്പനിയുടെ വെളയനാട്ടുള്ള പ്ലാൻ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം. വർമാനന്ദകുമാർ കോൺക്രീറ്റ് മിക്സ് ചെയ്യുന്ന യന്ത്രത്തിനുള്ളിൽ ജോലി ചെയ്യുന്നതിനിടെ പുറമെ നിന്ന മറ്റൊരു തൊഴിലാളി യന്ത്രം പ്രവർത്തിപ്പിച്ചതാണ് അപകടത്തിന്  കാരണമായത്.

കോൺക്രീറ്റ് മിക്സിങ്ങിനായി ഉപയോഗിക്കുന്ന കൂറ്റൻ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനു മുമ്പായി സൈറൺ മുഴക്കാറുണ്ടെന്നും യു.പി സ്വദേശിയായ മറ്റൊരു തൊഴിലാളി മുന്നറിയിപ്പ് നൽകാതെ യന്ത്രം ഓൺ ചെയ്തതാണ്  ദുരന്തത്തിനിടയാക്കിയതെന്നും തൊഴിലാളികൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഓഫീസിൻ്റെ ജനാലകള്‍ അടിച്ചു തകര്‍ത്തു. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തിയാണ് തൊഴിലാളികളെ നിയന്ത്രിച്ചത്. അപകടത്തിനിടയാക്കിയ യു.പി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വര്‍മാനന്ദകുമാറിൻ്റെ മൃതദേഹം ബിഹാറിലേക്ക് കൊണ്ടുപോകും.

Share news