പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; തമിഴ്നാട്ടിൽ 14 കാരൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്നു
.
അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 40 വയസുള്ള മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകനായ പതിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പഠിക്കാത്തതിന് വഴക്കു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ക്രൂര കൊലപാതകം.

ഒക്ടോബര്‍ 20 നായിരുന്നു സംഭവം. കന്നുകാലികൾക്ക് പുല്ല് വെട്ടാൻ ആണ് ഇവർ വയലിലേക്ക് പോയത്. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും അന്വേഷിച്ചു. തെരച്ചിലിനിടെയാണ് ഇവരുടെ മൃതദേഹം വയലില്‍ കണ്ടെത്തിയത്. ഉടന്‍ തിരുനാവാലൂര്‍ പൊലീസ് സ്ഥലത്തെത്തി മഹേശ്വരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വില്ലുപുരത്തെ മുണ്ടിയമ്പാക്കത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മഹേശ്വരിയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

മഹേശ്വരിയുടെ മൃതദേഹത്തിന് സമീപം മകന്റെ ഷർട്ടിന്റെ ബട്ടൺ കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. പോലീസ് അന്വേഷണത്തിൽ രണ്ടാമത്തെ മകന്റെ ഷർട്ടിന്റേതാണെന്ന് കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ, 14 വയസ്സുള്ള ആൺകുട്ടി അമ്മയെ കൊന്നതായി സമ്മതിച്ചു. തനിക്ക് പഠിക്കാൻ താല്പര്യമില്ലെന്നും പക്ഷേ എല്ലാ ദിവസവും സ്കൂളിൽ പോകുമായിരുന്നു എന്നും കുട്ടി പറഞ്ഞു. ദീപാവലി ദിവസം ഉച്ചകഴിഞ്ഞ് മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടായതായി ആൺകുട്ടി പറഞ്ഞു.

ആ സമയത്ത് മകനെ ഇവർ അടിക്കുകയൂം പഠിക്കാത്തതിന് ശകാരിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ കുട്ടി വയലിലേക്ക് പോയ അമ്മയോട് എന്തിനാണ് തന്നെ അടിച്ചതെന്ന് ചോദിച്ചു. എന്നാൽ വീണ്ടും ഇവർ അടിച്ചതോടെ മകൻ അമ്മയെ തള്ളിയിടുകയും കാലുകൊണ്ട് കഴുത്തിൽ ചവിട്ടുകയുമായിരുന്നു. പിന്നീട് മംഗല്യസൂത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉളുന്തൂർപേട്ട് ക്രിമിനൽ കോടതിയിൽ ഹാജരാക്കി. തുടർന്ന് കടലൂർ ജുവനൈൽ റിഫോർമേറ്ററിയിലേക്ക് അയച്ചു.



