KOYILANDY DIARY

The Perfect News Portal

മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്ക്കാരം പി. രമാദേവിയ്ക്ക്

കൊയിലാണ്ടി: പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ സംഗീതജ്ഞന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്ക്കാരം ഇത്തവണ പ്രശസ്ത കുച്ചുപ്പുഡി നര്‍ത്തകി പി. രമാദേവിക്ക് നല്‍കാന്‍ തീരുമാനിച്ചു. നൃത്തരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്ക്കാരം. പി.ജി.ജനാര്‍ദ്ദനന്‍ വാടാനപ്പള്ളി, ഡോ. ഭരതാഞ്ജലി മധുസൂദനന്‍, ലജ്ന, സത്യന്‍ മേപ്പയ്യൂര്‍, ശിവദാസ് ചേമഞ്ചേരി, യു.കെ.രാഘവന്‍ എന്നിവരടങ്ങിയ ജൂറികമ്മിറ്റി ഐകകണ്ഠ്യേന ഡോ.പി.രമാദേവി (ഹൈദരബാദ്) നെ തെരഞ്ഞെടുത്തത്.

1987ല്‍ സ്ഥാപിതമായ ശ്രീ സായി നടരാജ അക്കാദമി ഓഫ് കുച്ചുപ്പുഡി എന്ന സ്ഥാപനം കുച്ചുപ്പുഡി നൃത്തകലയില്‍ പരിശീലനവും ഉപരിപഠനവും നല്‍കുന്ന ദേശീയ കലാസ്ഥാപനമാണ്. കേരള സംഗീതനാടകഅക്കാദമി കലാശ്രീ, തെലുഗു യൂണിവേഴ്സിറ്റി കീര്‍ത്തി, ഒഡിഷ സര്‍ക്കാരിന്‍റെ അഭിനവ ശാസ്ത്രീയ നൃത്തകലാ രത്ന സമ്മാന്‍, തമിഴ്നാടിന്‍റെ നാട്യകലൈചുദാര്‍ പത്മഭൂഷണ്‍ വെമ്പട്ടി ചിന്നസത്യ സ്മാരക അവാര്‍ഡ്, വൈശാലി നൃത്തോത്സവം നാട്യശ്രീ തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സ്വദേശത്തും വിദേശത്തും നൂറുകണക്കിന് ശിഷ്യരുള്ള ഡോ. രമാദേവി ഇപ്പോള്‍ അമേരിക്കയിലെ സിലിക്കോണ്‍ യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. ആഗോള തലത്തില്‍ റഫറന്‍സ് ഗ്രന്ഥങ്ങളായി സ്വീകരിച്ചിട്ടുള്ള കൃതികളുടെ കര്‍ത്താവു കൂടിയാണ് രമാദേവി. ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി പ്രശസ്ത നൃത്തോത്സവങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഈ അതുല്യ നര്‍ത്തകി കോഴിക്കോട് ചേമഞ്ചേരി പടിഞ്ഞാറയില്‍ കുടുംബാംഗമാണ്. പ്രത്യേകം തയ്യാറാക്കിയ അവാര്‍ഡ് ശില്‍പ്പവും, പതിനയ്യായിരം രൂപയും, പ്രശസ്തിപത്രവും ചേര്‍ന്നതാണ് പുരസ്ക്കാരം. മലബാര്‍ സുകുമാരന്‍ ഭാഗവതരുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ പൂരസ്ക്കാരം ഏറ്റുവാങ്ങുന്ന പതിനെട്ടാമത്തെ കലാപ്രതിഭയാണ് ഗുരു പി. രമാദേവി. ഏപ്രില്‍ 22 വ്യാഴായ്ച കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാഗവതര്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്ക്കാരം സമര്‍പ്പിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *