പൗരത്വ ഭേദഗതി നിയമം: സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ യോഗി പൊലീസിന്റെ പ്രതികാര നടപടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ യോഗി പൊലീസിന്റെ പ്രതികാര നടപടി. ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലാ കമ്മിറ്റിയെ ഒന്നടങ്കം അറസ്റ്റ് ചെയ്തു. 15 അംഗ ജില്ലാ കമ്മിറ്റിയിലെ ജില്ലാ സെക്രട്ടറി നന്ദലാല്‍ പട്ടേല്‍അടക്കം 13 പേരും ഇപ്പോള്‍ ജയിലിലാണ്. ഇടതു പാര്‍ട്ടികളുടെ ദേശവ്യാപക പ്രക്ഷോഭം നടന്ന 19നാണ് ഇവരെയും അറസ്റ്റ് ചെയ്തത്.
ചൗക്ക ഘട്ട് ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. കോടതി ജാമ്യം നിഷേധിച്ചതിനാല്‍ ജനുവരി ആദ്യ വാരം വരെ ഇവര്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും. അറസ്റ്റിലായ പ്രവര്‍ത്തകരുടെ പേര് പത്രങ്ങളില്‍ അച്ചടിക്കാന്‍ അനുവദിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. പ്രദേശത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സിപിഐഎമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഹീരാലാല്‍ യാദവ് പറഞ്ഞു.

ദേശസുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തുമെന്നും പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയതായി ഹീരാലാല്‍ യാദവ് കൈരളി ന്യൂസിനോട് പറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ 200ലേറെ പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകയായ സദഫ് ജാഫറിനെയും, ദീപക് കബീറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി 60 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് ലഭിക്കുന്ന വിവരം.

