സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

തൃശൂര്‍> സംവിധായകന്‍ ബാബു നാരായണന്‍ (അനില്‍ ബാബു) അന്തരിച്ചു, 59 വയസ്സായിരുന്നു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംവിധായകന്‍ അനില്‍ കുമാറുമായി ചേര്‍ന്ന് ‘അനില്‍ ബാബു’വെന്ന പേരില്‍ 24 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ തിരക്കുള്ള സംവിധായകനായിരുന്നു ബാബു നാരായണന്‍ എന്ന ബാബു പിഷാരടി, കോഴിക്കോട്ടുകാരനായ ബാബു ഹരിഹരന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. അന്ന് പി ആര്‍ എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

സ്വതന്ത്രമായി ആദ്യം സംവിധാനം ചെയ്ത ചിത്രം അനഘ. നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. പിന്നീട് പുരുഷന്‍ ആലപ്പുഴയുടെ കഥയില്‍ പൊന്നരഞ്ഞാണം എന്നൊരു ചിത്രം സംവിധാനം ചെയ്തു. ആ സമയത്താണ് അനിലിന്റെ പോസ്റ്റ് ബോക്സ് നമ്ബര്‍ 27 എന്ന ചിത്രത്തില്‍ അസോസിയേറ്റാവുന്നത്. ആ പരിചയം ഒരു സൗഹൃദമായി വളരുകയും അവര്‍ സംവിധാന ജോഡികളായി മാറുവാന്‍ തീരുമാനിക്കുകയും ചെയ്തു.

അങ്ങനെ അനില്‍ – ബാബു എന്ന ഈ ഇരട്ട സംവിധായകര്‍ വിജയ കൂട്ടുകെട്ടിന് തിടക്കം കുറിക്കുകയും നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയില്‍ പിറവിയെടുക്കുകയും ചെയ്തു. 1992ല്‍ മാന്ത്രികചെപ്പിലൂടെ അനില്‍ ബാബു എന്ന സംവിധായകജോടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ജഗദീഷ് നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി അനില്‍ബാബുമാര്‍.

വെല്‍ക്കം ടു കൊടൈക്കനാല്‍, ഇഞ്ചക്കാടന്‍ മത്തായി & സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാല്‍, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, കുടുംബ വിശേഷം, സ്ത്രീധനം, ഉത്തമന്‍, പകല്‍പ്പൂരം, വാല്‍ക്കണ്ണാടി, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ ആ കൂട്ടുകെട്ടില്‍ നിന്നും പിറന്നു, ഇവയില്‍ ഭൂരിപക്ഷവും ഹിറ്റുകളുമായിരുന്നു. മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ച കളിയൂഞ്ഞാലും സുരേഷ് ഗോപി നായകനായ രഥോല്‍സവവും കുഞ്ചാക്കോ ബോബന്റെ മയില്‍പ്പീലിക്കാവും ഇക്കൂട്ടത്തിലുണ്ട്. 2004 ല്‍ ഇറങ്ങിയ പറയാം ആയിരുന്നു ആ ഇരട്ട സംവിധായക കൂട്ടുകെട്ടിലെ അവസാന ചിത്രം.
മമ്മൂട്ടിയെ നായകനാക്കി ഗുരുനാഥനായ ഹരിഹരന്‍ സംവിധാനം ചെയ്ത കേരളവര്‍മ്മ പഴശ്ശിരാജയുടെ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചു. ഒരിടവേളയ്ക്ക് ശേഷം മംമ്തയെ നായികയാക്കി സംവിധാനം ചെയ്ത റ്റു നൂറാ വിത്ത് ലൗ എന്ന ചിത്രം 2014 ല്‍ പുറത്തു വന്നു. മംമ്ത മോഹന്‍ദാസ്, കനിഹ, മുകേഷ്, കൃഷ് ജെ സത്താര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.
സ്കൂള്‍ അദ്ധ്യാപികയായ ജ്യോതി ലക്ഷ്മിയാണ് ഭാര്യ, ലാല്‍ ജോസ് ചിത്രമായ തട്ടിന്‍പുറത്ത് അച്യുതനിലെ കുഞ്ചാക്കോ ബോബന്റെ നായികയായി വന്ന ശ്രാവണയും അസിസ്റ്റന്റ് ക്യാമറാമാന്‍ ദര്‍ശന്‍ എന്നിവര്‍ മക്കളാണ്.
