ജപ്പാന്‍ പദ്ധതിയുടെ കുടിവെള്ള പൈപ്പ് പൊട്ടി: റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു

കോഴിക്കോട്: ഈസ്റ്റ്ഹില്ലില്‍ ജപ്പാന്‍ പദ്ധതിയുടെ കൂറ്റന്‍ കുടിവെള്ള പൈപ്പ് പൊട്ടി. ഗവ. യൂത്ത് ഹോസ്റ്റല്‍ റോഡ് ഭാഗികമായി തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പൈപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകി റോഡിന്റെ കരിങ്കല്ലുകൊണ്ടുള്ള പാര്‍ശ്വഭിത്തി തകര്‍ന്നു.
റോഡിന്റെ സംരക്ഷണഭിത്തിക്കുസമീപമുള്ള വീടുകളില്‍ വെളളം കയറി. ജല അതോറിറ്റിയുടെ 79 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ സമീപമാണ് കാസ്റ്റ് അയണ്‍ പൈപ്പ് പൊട്ടിയത്. ഇതുമൂലം ഈസ്റ്റ്ഹില്ലിലെ ചിലയിടങ്ങളിലെയും ചുങ്കം, അത്താണിക്കല്‍ ഭാഗങ്ങളിലെയും കുടിവെള്ളം മുടങ്ങി. പൈപ്പ് പൊട്ടിയ ഭാഗത്ത് റോഡ് പകുതിയോളം തകര്‍ന്നിട്ടുണ്ട്. മര്‍ദംമൂലം റോഡിന്റെ കുറേഭാഗത്ത് ടാറിങ്ങില്‍ വിള്ളല്‍വീണിട്ടുമുണ്ട്.

പെരുവണ്ണാമൂഴിയില്‍ നിന്നെത്തുന്ന വെള്ളം സംഭരിക്കുന്ന ഈസ്റ്റ്ഹില്ലിലെ ടാങ്കിന് കുറേനാളായി ചോര്‍ച്ചയുണ്ട്്. ഇത് അടയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി വിജയിച്ചിട്ടില്ല. ഇതിനിടെയാണ് പൈപ്പിനും തകരാറുണ്ടായത്. തകരാറിലായ പൈപ്പ് നന്നാക്കാന്‍ ബുധനാഴ്ച രാവിലെമുതല്‍ ശ്രമം ആരംഭിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊട്ടിയഭാഗത്ത് കുഴിയെടുത്ത് അറ്റകുറ്റപ്പണി തുടങ്ങി.

പൈപ്പ് പൊട്ടിയതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഈ ഭാഗത്ത് പൈപ്പിട്ടിരിക്കുന്നത് വേണ്ടവിധം താഴ്ത്തിയല്ലെന്ന് ആക്ഷേപമുണ്ട്. തലയ്ക്കുമുകളില്‍ ‘ജലബോംബു’പോലെയാണ് ടാങ്കും പൈപ്പുമുള്ളതെന്നും സമീപവാസികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഈസ്റ്റ്ഹില്‍ മുടപ്പാട്ടുപാലം സദ്ഭാവന റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ടി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

പൈപ്പിന്റെ 90 ഡിഗ്രി ബെന്റ് തള്ളിപ്പോയതാണെന്നും പ്രശ്‌നപരിഹാരത്തിന് രണ്ടാഴ്ച വേണ്ടിവരുമെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍നിന്ന് അറിയിച്ചു. മലാപ്പറമ്ബ് ടാങ്കില്‍നിന്ന് ജലവിതരണം പുനഃസ്ഥാപിക്കും. അഞ്ചുദിവസത്തിനകം പൈപ്പിന്റെ അറ്റകുറ്റപ്പണി തീരും. കോണ്‍ക്രീറ്റിങ്ങിനു വീണ്ടും 10 ദിവസം വേണ്ടിവരും. അതിനുശേഷം മാത്രമേ ഈസ്റ്റ് ഹില്‍ ടാങ്കില്‍ നിന്ന് ജലവിതരണം പുനഃസ്ഥാപിക്കാനാവൂ എന്ന് അധികൃതര്‍ പറഞ്ഞു .
