റിട്ട. എസ്‌ഐ ഓടിച്ച ജീപ്പ് ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കടയ്ക്കല്‍: മദ്യലഹരിയില്‍ റിട്ട. എസ്‌ഐ ഓടിച്ച ജീപ്പ് ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കല്ലമ്പലം കാട്ടുചന്ത പാറക്കെട്ടില്‍ വീട്ടില്‍ പരേതരായ മോഹനന്റെയും വസന്തയുടെയും മകനും ടൂറിസ്റ്റ് ബസ് ജീവനക്കാരനുമായ അനില്‍കുമാറാണ് (30) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന വാമനപുരം സ്വദേശി സുഖിലിനു (21) ഗുരുതരമായി പരിക്കേറ്റു.
സുഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതെ റോഡില്‍ ഉപേക്ഷിച്ചു ജീപ്പുമായി കടന്നുകളഞ്ഞ റിട്ട.എസ്‌ഐ ചിതറ കല്ലുവെട്ടാംകുഴി എച്ച് ആര്‍ നിവാസില്‍ എച്ച്.ഹുസൈനെ (57) നാട്ടുകാര്‍ പിന്തുടര്‍ന്നു. തുടര്‍ന്നു പോലീസ് എസ് ഐയുടെ വീട്ടില്‍ എത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി മടത്തറ റോഡില്‍ പാങ്ങലുകാട്ടിലായിരുന്നു അപകടം. അയിരക്കുഴിയില്‍ ബസ് ഗാരേജില്‍ നിന്നു കടയ്ക്കലിലേക്കു പോകുകയായിരുന്നു അനില്‍കുമാറും സുഖിലും. കല്ലുവെട്ടാംകുഴിയിലേക്കു പോകുകയായിരുന്നു ജീപ്പ്. ഇടിയെത്തുടര്‍ന്നു ബൈക്കുയാത്രക്കാരെയും വഹിച്ചുകൊണ്ട് ഏറെ ദൂരം ഓടിയശേഷമാണ് ജീപ്പ് നിന്നത്.

അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. വണ്ടി നമ്ബര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ജീപ്പിനെ പിന്തുടര്‍ന്നത്. ജീപ്പില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. രണ്ടു മാസം മുന്‍പായിരുന്നു അനില്‍കുമാറിന്റെ വിവാഹം. ഭാര്യ: വര്‍ണ്യ.

